ഇടുക്കി: രണ്ട്  സുഹൃത്തുക്കൾ ചേര്‍ന്നെടുത്ത  ലോട്ടറിക്ക് 65 ലക്ഷം രൂപ സമ്മാനം. എന്നാല്‍ ബാങ്കിലെത്തിയപ്പോൾ കൂട്ടുകാരിലൊരാള്‍ ടിക്കറ്റുമായി മുങ്ങി. തിങ്കളാഴ്ചയാണ് കെട്ടിടപ്പണിക്കാരായ ഹരികൃഷ്ണനും സാബുവും ചേര്‍ന്ന് വിൻവിൻ ലോട്ടറി എടുത്തത്.

കുഞ്ചുതണ്ണിയിൽ ജോലിക്കിടെ ഇവര്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 65 ലക്ഷം രൂപ അടിച്ചത്. ഇതോടെ വിശ്വസ്തതനായ ബ്ലോക്ക് പഞ്ചായത്ത് അംഗം നെൽസനുമൊത്ത് ഇരുവരും മൂന്നാർ എസ്.ബി.ഐ ശാഖയിലെത്തി. ഇരുവരുടെയും പേരിൽ അക്കൗണ്ട് തുടങ്ങാൻ ബാങ്ക് അധികൃതർ നിർദ്ദേശം നൽകി.

എന്നാൽ രേഖകൾ കൈവശമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച സാബു ഹരികൃഷ്ണന്റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി അവിടെ നിന്നും മുങ്ങുകയായിരുന്നു. മൊബൈലിൽ  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‍ഡ് ഓഫ് ചെയ്തെന്നുള്ള സന്ദേശമാണ് ലഭിച്ചത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം ഹരികൃഷ്ണന് മനസിലായത്. സംഭവത്തിൽ ഇയാൾ മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി.