രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉഷ പിടിയിലായത്.
പാലക്കാട്: അട്ടപ്പാടി അഗളിയിൽ വീട്ടിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന കോടയുമായി 65 കാരി പിടിയിൽ. 387 ലിറ്റർ കോടയും 3 ലിറ്റർ ചാരായവുമായി അഗളി ഗൂളിക്കടവ് സ്വദേശിനി ഉഷയാണ് എക്സൈസിന്‍റെ പിടിയിലായത്. വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ ജെ.ആർ.അജിത്തും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, അഷ്‌കർ, വനിത സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത എന്നിവരും ഉണ്ടായിരുന്നു. അതിനിടെ കുന്നംകുളത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കളെ എക്സൈസ് പിടികൂടി. കുന്നംകുളം സ്വദേശി മെജോ (32), കാണിപയ്യൂര്‍ സ്വദേശി നിജില്‍ (23 ) എന്നിവരാണ് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ബൈക്കിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനക്ക് എത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം.
കുന്നംകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍.കെ യും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർഗ്രേഡ്)മാരായ ഫൽഗുനൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാഗ്, മനോജ്, ജിതിൻ, ഷിബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സോന ഉണ്ണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സതീഷ് എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.
