സായുധ സേനകളും റെയിൽവേ പൊലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രി മുറിയിൽ ഉപേക്ഷിച്ച നിലയിലായിരുന്ന വെടിയുണ്ടകൾ.

തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആശുപത്രി മുറിയിൽ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. വെടിയുണ്ടകളുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. സായുധ സേനകളും റെയിൽവേ പൊലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ആശുപത്രിയിൽ ആർപിഎഫ് ഉദ്യോഗസ്ഥരടക്കം ചികിത്സതേടിയെത്തുന്നതിനാൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശുപത്രിയിലെ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് ചോദ്യം ചെയ്തു‌വരികയാണ്.

ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാം വെടിയുണ്ട എന്നാണ് പ്രഥാമിക നിഗമനം. മുൻ ആര്‍പിഎഫ് ഉദ്യോഗസ്ഥനും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിന് പുറമെ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ രോഗികളുടെയും സന്ദർശകരുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.ആർപിഎഫും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സി.സി.ടി.വി ദ്യശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.