മലപ്പുറം വെറ്റിലപ്പാറയിൽ റബര്‍ തോട്ടത്തില്‍ ചാരായം വാറ്റിയ 64-കാരനെ എക്‌സൈസ് പിടികൂടി. ഇയാളിൽ നിന്ന് 70 ലിറ്റര്‍ വാഷും ആറ് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
മലപ്പുറം: വാഷും വാറ്റുപകരണങ്ങളുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. വെറ്റിലപ്പാറ പാപ്പാടിയില്‍ വീട്ടില്‍ എബ്രഹാം എന്ന ജോസാണ് (64) പിടിയിലായത്. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷും സംഘവും വെറ്റിലപ്പാറ ഭാഗങ്ങളില്‍ പെട്രോളിങ് നടത്തി വരമ്പോൾ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
റബര്‍ തോട്ടത്തില്‍ വാറ്റാനായി സൂക്ഷിച്ചു വെച്ചിരുന്ന 70 ലിറ്റര്‍ വാഷും ആറ് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതി എബ്രഹാമിനെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ അബ്ദുല്‍ നാസര്‍, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം ടി ഹരീഷ് ബാബു, പി ഷബീര്‍ അലി, കെ സി അബ്ദുറഹ്‌മാന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ലഹരി ഉപയോഗത്തിനും വില്‍പനക്കുമെതിരെ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷ് അറിയിച്ചു.


