അകമ്പടിവാഹനത്തിന്‍റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്നും കായകുളത്തേക്ക് കാറില്‍ കൊണ്ട് പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പിൻതുടർന്ന് സ്പിരിറ്റ് പിടികൂടിയത്.

കൊല്ലം: ഓച്ചിറയില്‍ കാറില്‍ കടത്താൻ ശ്രമിച്ച 700 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. സ്പിരിറ്റ് കടത്തിയ നാല് പേരേയും ഇവര്‍ക്ക് അകമ്പടി പോയ വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്പിരിറ്റ് കടത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അകമ്പടിവാഹനത്തിന്‍റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്നും കായകുളത്തേക്ക് കാറില്‍ കൊണ്ട് പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പിൻതുടർന്ന് സ്പിരിറ്റ് പിടികൂടിയത്. കാറിനുള്ളില്‍ ഇരുപത് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. അകമ്പടി വാഹനത്തിലും കാറിലും ഉണ്ടായിരുന്ന നാലുപേരെ എക്സൈസ്-എൻഫോഴ്സ്മെന്‍റ് സംഘം കൈയ്യോടെ പിടികൂടി. സ്പിരിറ്റ് കടത്ത് കേസുകളിലെ മുഖ്യപ്രതിയും തമിഴ്നാട് സ്വദേശിയുമായ കനകരാജ് സഹായി ബാലകൃഷ്ണൻ, അകമ്പടി വാഹനത്തില്‍ ഉണ്ടായിരുന്ന രാഹുല്‍, ദീപു എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. 

തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പിരിറ്റ് കടത്ത് സംഘത്തിലെ പ്രധാനി കൂടിയാണ് കനകരാജ്. ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യനിർമ്മാണത്തിനായി കൊണ്ട് വന്ന സ്പിരിറ്റാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഓച്ചിറ,കായംകുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമ്മിക്കുന്ന സംഘങ്ങളെ കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.