കൊട്ടിയത്ത് സമരക്കാർ സ്ഥാപിച്ചിട്ടുള്ള ജനകീയ സമരപ്പന്തൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടിയം പോലീസ് നോട്ടീസ് നൽകി.

കൊല്ലം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത 66ന്റെ അപാകതകൾക്കെതിരായ സമരത്തെ അമർച്ച ചെയ്യാൻ ശ്രമം ശക്തമാക്കി അധികൃതർ. കൊട്ടിയത്ത് സമരക്കാർ സ്ഥാപിച്ചിട്ടുള്ള ജനകീയ സമരപ്പന്തൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടിയം പോലീസ് നോട്ടീസ് നൽകി. കൊട്ടിയത്ത് ഉയരപ്പാതയിലെ വിള്ളലുകൾ ടാറിട്ട് മൂടാൻ ശ്രമം നടത്തിയതുൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കെ, ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാവീഴ്ചയ്ക്കുമെതിരേ സമരം ശക്തമാക്കിയതിന്റെ പ്രതികാര നടപടിയെന്നാണ് ആക്ഷേപം. കൊട്ടിയം പറക്കുളത്തും എച്ച്.പി. പമ്പിന് മുൻവശത്തും അടിത്തറ ഇളകി വിള്ളലുകൾ വീണിരുന്നു. മതിൽപ്പാളി പുറത്തേക്ക് തള്ളുകയും ചെയ്തു. ചതുപ്പുപ്രദേശമായ ഇവിടെ രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് ആദ്യം വലിയ വിള്ളലുകൾ കണ്ടത്. പോലീസ് സാന്നിധ്യത്തിൽ രാത്രിതന്നെ ഇവിടെ കോൺക്രീറ്റ് സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ ടാർ ചെയ്ത് റോഡ് നിരപ്പാക്കുകയും ചെയ്തു.

ദിവസങ്ങളോളം എടുത്ത് നടത്തണ്ട ബലപ്പെടുത്തൽ ജോലികൾ ധൃതി പിടിച്ച് രാത്രി തന്നെ പൂർത്തിയാക്കിയത് തകരാർ പൊതുശ്രദ്ധയിലെത്താതിരിക്കാൻ എന്നാണ് ആക്ഷേപം. അങ്ങനെ വന്നാൽ നിർമാണം തടയപ്പെടുമെന്ന് ബോധ്യമായതിനാലാണ് രാത്രി തന്നെ ടാറിട്ട് വിള്ളലടയ്ക്കാനുള്ള ശ്രമം നടന്നതെന്നാണ് ആക്ഷേപം. ഇത് ബോധ്യപ്പെട്ട സമരസമിതി, പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിള്ളലുകൾ ടാറിട്ട് മൂടിയത് തുടർപരിശോധനകളെ ബാധിക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.മൈലക്കാടും മറ്റുമുണ്ടായ അപകടങ്ങൾ വീണ്ടും കൊട്ടിയത്തും ആവർത്തിച്ചേക്കുമെന്നാണ് നാട്ടുകാരുടെ ഭയം. ഈ ആശങ്കകൾക്കടക്കം പരിഹാരം തേടിയാണ് സമരസമിതി പ്രതിഷേധം ആരംഭിച്ചത്. ഗതാഗതതടസ്സമുണ്ടാകാതെയുള്ള പ്രതിഷേധത്തെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഇതിന്റെ ഭാഗമായാണ് സമരപ്പന്തൽ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയതെന്നും ആരോപിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി, കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സമരസമിതി നിവേദനം നൽകി.

മുൻപ് എം.പി. ഉറപ്പുനൽകിയ പ്രകാരം സുരക്ഷാപരിശോധന നടത്തണമെന്നും കളക്ടർ സ്ഥലം സന്ദർശിച്ച് പണികൾ നിർത്തിവെച്ച് സർവ്വകക്ഷി യോഗം വിളിക്കണം എന്നും സംയുക്ത സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. വിള്ളലുകൾ ശാസ്ത്രീയമായി പരിഹാരം കാണാതെയും തൂൺപാലം എന്ന ആവശ്യത്തിൽ വ്യക്തതവരുത്താതെയും നിർമാണവുമായി മുന്നോട്ടുപോകുന്നത് വലിയദുരന്തത്തിന് വഴിയൊരുക്കുമെന്നും സമരസമിതി നേതാക്കൾ പറയുന്നു.