വെണ്ട, പയർ, പടവലം, പാവൽ, തക്കാളി, മുളക്, ചേമ്പ്, ചേന, കാച്ചിൽ, വാഴ തുടങ്ങി ഈ അമ്മ ചെയ്യാത്ത കൃഷികൾ ഇല്ല. പശുവും താറാവും ഇതിനോടൊപ്പമുണ്ട്.
ആറാട്ടുപുഴ: പ്രായത്തിന്റെ അവശതകളും ജീവിതത്തിലെ സങ്കടങ്ങളും കൃഷിയിലൂടെ അതിജീവിച്ച് മാതൃകയാവുകയാണ് പ്രേമവല്ലി. 71ാം വയസ്സിലും കഠിനാധ്വാനം ചെയ്യുന്ന ഇവരുടെ കാർഷികജീവിതം ഏവർക്കും പ്രചോദനമാണ്. ആറാട്ടുപുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ മഹാദേവികാടിന് തെക്ക് ചൂളത്തെരുവ് എൻ.ടി.പി.സി പ്ലാന്റിന് സമീപം രാമമംഗലത്ത് വീട്ടിൽ പ്രേമവല്ലിയാണ് കൃഷിയിൽ കൈയൊപ്പ് ചാർത്തുന്നത്. 70 സെന്റ് സ്ഥലത്ത് വ്യത്യസ്തങ്ങളായ കൃഷികളാണ് പ്രേമവല്ലിയുടേത്.
രണ്ട് പെൺമക്കളെ വിവാഹം ചെയ്തു അയച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന ഭർത്താവ് ജിനദേവന്റെ മരണശേഷം ഇവർ ഒറ്റക്കായി. ഏകാന്ത ജീവിതത്തിൽ സങ്കടങ്ങൾ മാത്രം കൂട്ടായതോടെയാണ് കൃഷിയെ സ്നേഹിച്ചു തുടങ്ങിയത്. ഒരു വർഷം മുമ്പ് ഇളയ മകളും മരിച്ചു. ഭർത്താവിന്റെ പെൻഷൻകൊണ്ട് അല്ലലില്ലാതെ കഴിയാമെങ്കിലും ഈ വയോധിക അതിന് തയ്യാറല്ല. കൃഷിയോട് അടങ്ങാത്ത സ്നേഹമാണ്. ഏറിയ സമയവും കൃഷിയിടത്തിൽ തന്നെ. വെണ്ട, പയർ, പടവലം, പാവൽ, തക്കാളി, മുളക്, ചേമ്പ്, ചേന, കാച്ചിൽ, വാഴ തുടങ്ങി ഈ അമ്മ ചെയ്യാത്ത കൃഷികൾ ഇല്ല.
പശുവും താറാവും ഇതിനോടൊപ്പമുണ്ട്. ഒരിഞ്ച് സ്ഥലം വെറുതെ കിടക്കുന്നത് ഇഷ്ടമല്ല. പുരയിടത്തിലും കൂടാതെ ഗ്രോ ബാഗിലും ചട്ടിയിലും കൃഷിയുണ്ട്. നിലമൊരുക്കാൻ സഹായത്തിന് ആളെ വിളിക്കാറുണ്ടെങ്കിലും ബാക്കിയുള്ള കാര്യങ്ങള് എല്ലാം ചെയ്യുന്നത് ഇവർ തന്നെയാണ്. ഇപ്പോൾ ആനക്കൊമ്പൻ വെണ്ടയുടെയും പയറിന്റെയും വിളവെടുപ്പ് നടക്കുകയാണ്. വലിയ വിളവാണ് ഇക്കുറി ലഭിച്ചത്.
നാടൻ പച്ചക്കറി തിരക്കി കൂടുതൽ ആളുകൾ വീട്ടിലെത്തിയതോടെ സ്വന്തമായി ത്രാസ് വാങ്ങി സാധനങ്ങൾ തൂക്കി കൊടുക്കുന്ന തരത്തിലേക്ക് കച്ചവടത്തിന്റെ രീതി മാറിയിട്ടുണ്ട്. ആറാട്ടുപുഴ കൃഷിഭവന്റെ വലിയ പിന്തുണയും തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രേമവല്ലി പറയുന്നു. കഴിഞ്ഞ വർഷം ആറാട്ടുപുഴ പഞ്ചായത്തിലെ മികച്ച കർഷകയായി തെരഞ്ഞെടുക്കപ്പെട്ടു. ചിങ്ങം ഒന്നിന് ഇവരെ നാട്ടുകാർ ആദരിക്കുകയും ചെയ്തിരുന്നു.
