Asianet News MalayalamAsianet News Malayalam

72 മണിക്കൂര്‍ കര്‍ശന നിരീക്ഷണം, ബൈക്ക് റാലികള്‍ക്ക് പൂര്‍ണ നിരോധനം: തിരുവനന്തപുരം കളക്ടർ

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള്‍ ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. 

72 hours strict monitoring, complete ban on bike rallies Thiruvananthapuram Collector
Author
Kerala, First Published Apr 2, 2021, 9:34 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള്‍ ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തുന്ന ബൈക്ക് റാലികള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യ വിതരണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല. സ്ഥാനാര്‍ഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണവും ഏര്‍പ്പെടുത്തും. ചെക്ക്‌പോസ്റ്റുകളിലും പരിശോധന കൂടുതല്‍ ശക്തമാക്കി.

സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിന് അതത് നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത വ്യക്തികളുടെ സാന്നിധ്യം പ്രചാരണ സമയത്തിന് ശേഷം മണ്ഡലത്തില്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൌൺസ്മെന്റുകളോ പാടില്ല. 

ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പെടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. 

സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

ഈ 72 മണിക്കൂറിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആന്റി ഡിഫേസ്‌മെന്റ് സ്‌കോഡ്, ഫ്‌ളൈയിംഗ് സ്‌കോഡ്, സ്റ്റാറ്റിക്-വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവരയുടെ യോഗം കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios