72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മത്സരിക്കും. പുന്നമട കായലിൽ നടക്കുന്ന മത്സരത്തിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടുന്നു.

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച. വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. ആഗസ്റ്റ് 22 ന് രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവും വിധം സ്‌ക്രീനിൽ പ്രദർശിപ്പിക്കും.