അഞ്ചൽ ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേരെ ഓട്ടോറിക്ഷാ തൊഴിലാളികൾ പിടികൂടി.

കൊല്ലം:ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയുൾപ്പെടെ രണ്ടുപേരെ ഓട്ടോറിക്ഷാ തൊഴിലാളികൾ പിടികൂടി പോലീസിന് കൈമാറി. അഞ്ചൽ ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിലാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി കുറക്കുടി പാച്ചേരി കല്ലിടക്കുറിച്ചി സ്വദേശി സുബ്ബയ്യ (48), അഞ്ചൽ തഴമേൽ നിജ മൻസിലിൽ ഷാജി (60) എന്നിവരാണ് പിടിയിലായത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിൽ മതിൽ ചാടി കടന്ന് ഇരുവരും തിടപ്പള്ളിക്ക് സമീപം എത്തി. കഴുകിവെച്ചിരുന്ന ഉണ്ണിയപ്പക്കാര മോഷ്ടിച്ച് ചാക്കിൽക്കയറ്റി പുറത്തെത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സംശയം തോന്നിയ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ നടത്തിയ പരിശോധനയിലാണ് മോഷണമുതൽ കണ്ടത്. ഉടൻ തന്നെ ഏരൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.