11-മത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ജനുവരി 10ന് കൊല്ലം അഷ്ടമുടിക്കായലിൽ നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ മത്സരത്തിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളും മാറ്റുരയ്ക്കും. 

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമുടിക്കായലില്‍ ഡി.റ്റി.പി.സി. ബോട്ട്‌ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് ജനുവരി 10ന് രാവിലെ മുതല്‍ മത്സരം അവസാനിക്കുന്നത് വരെ ജലോത്സവുമായി ബന്ധപ്പെട്ടതല്ലാതെയുള്ള ജലയാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

11-മത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ജനുവരി 10ന് കൊല്ലം അഷ്ടമുടിക്കായലിൽ നടക്കും. ഉച്ചയ്ക്ക് 2ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് മുഖ്യാതിഥി. മേയര്‍ എ.കെ.ഹഫീസ് പതാക ഉയര്‍ത്തും. എന്‍ കെ പ്രേമചന്ദ്രന്‍ എം.പി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.

വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ചാമ്പ്യൻസ് ബോട്ട് ലീ​ഗിൽ മൂന്ന് ട്രാക്കുകളിലായി നിരണം ചുണ്ടന്‍, വീയപുരം ചുണ്ടന്‍, മേല്‍പ്പാടം ചുണ്ടന്‍, നടുഭാഗം ചുണ്ടന്‍, നടുവിലെപറമ്പന്‍ ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ചെറുതന ചുണ്ടന്‍, പായിപ്പാടന്‍ ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍ എന്നീ വള്ളങ്ങളാണ് അണിനിരക്കുക. നിലവിലെ പോയിന്റ് പട്ടികയില്‍ വീയപുരം ചുണ്ടനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്ത് മേല്‍പ്പാടം ചുണ്ടനും മൂന്നാം സ്ഥാനത്ത് നിരണം ചുണ്ടനുമാണ്. സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.