കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം, 72കാരന്‍ അറസ്റ്റിൽ
ഇംഗ്ലീഷ് മാൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെ ആണ് മംഗലപുരം പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റിൽ. കണിയാപുരം കീഴാവൂർ സ്വദേശിയായ ഇംഗ്ലീഷ് മാൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെ (72) ആണ് മംഗലപുരം പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
പിടിയിലായ കൃഷ്ണൻകുട്ടി കീഴാവൂർ ജംഗ്ഷനിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുകയാണ്. സ്കൂലേക്ക് പോകുന്ന വഴി കടയില്‍ നിന്നും സാധനം വാങ്ങുമ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ പെൺകുട്ടി വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പെൺകുട്ടി പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും മംഗലപുരം പൊലീസിലും അറിയിച്ചു. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യം കുടിപ്പിച്ചും അശ്ലീലം കാണിച്ചും 14കാരിക്ക് പീഡനം; 31കാരന് 58 വർഷം തടവ്
14കാരിയെ പീഡിപ്പിച്ച 31കാരന് 58 വർഷത്തെ തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുത്തൻകാട് വീട്ടിൽ രാഹുലിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വർഷം വീതം തടവുകൂടി അനുഭവിക്കണം. 2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സ്കൂളിനു സമീപത്തു നിന്നും സ്കൂട്ടറിൽ കയറ്റി പട്ടണക്കാട് സി എം എസിനു സമീപം കാടുപിടിച്ച സ്ഥലത്തും അരൂർ പെട്രോൾ പമ്പിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലും അതിജീവിതയുടെ വീട്ടിൽ വച്ചും മദ്യം കുടിപ്പിച്ചും അശ്ലീല വീഡിയോകൾ കാണിച്ചതിന് ശേഷവും ലൈംഗികമായി പീഡിപ്പിച്ചതായായിരുന്നു കേസ്.
ഒക്ടോബറിലാണ് അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സബ്ബ് ഇൻസ്പക്ടർമാരായ കെ എൻ മനോജ്, എസ് അരുൺ, എം ശൈലേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി ബീന, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.