Asianet News MalayalamAsianet News Malayalam

അഞ്ച് മക്കള്‍, മാസം തോറും പെന്‍ഷന്‍ എന്നിട്ടും തിരിഞ്ഞുനോക്കാനാളില്ലാതെ ഈ അമ്മയുടെ ദാരുണാന്ത്യം

മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മകമകളുമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. വൃദ്ധയായ മാതാവിനെ നോക്കുന്നത് സംബന്ധിച്ച കലഹം പൊലീസ് കേസ് വരെ ആയതിന് പിന്നാലെ ആര്‍ഡിഒ ഇടപെട്ട് മൂന്ന് മാസം വീതം അമ്മയെ മക്കള്‍ മാറി മാറി നോക്കണമെന്ന് കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകമാണ് ഉറ്റവരാരും അടുത്ത് പോലുമില്ലാതെ ഈ അമ്മയുടെ മരണം. 

74 year old women dies after abandoned and unattended  by children in Alppuzha
Author
Haripad, First Published Jan 14, 2022, 12:00 PM IST

ആണും പെണ്ണുമായി അഞ്ച് മക്കള്‍, മാസം തോറും പെന്‍ഷന്‍ എന്നിട്ടും ഈ അമ്മയെ തിരിഞ്ഞുനോക്കാന്‍ ആരമെത്തിയില്ല. ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മി ഭവനില്‍ സരസമ്മയെന്ന 74കാരിയാണ് മക്കളെ അവസാനമായി കാണണമെന്ന ആഗ്രഹം പോലും സാധിക്കാതെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യവകുപ്പിലെ നഴ്സിംഗ് അസിസ്റ്റന്‍റ് ആയി വിരമിച്ച ഇവരെ നോക്കാന്‍ മക്കള്‍ തയ്യാറായിരുന്നില്ല. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മകമകളുമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.

വൃദ്ധയായ മാതാവിനെ നോക്കുന്നത് സംബന്ധിച്ച കലഹം പൊലീസ് കേസ് വരെ ആയതിന് പിന്നാലെ ആര്‍ഡിഒ ഇടപെട്ട് മൂന്ന് മാസം വീതം അമ്മയെ മക്കള്‍ മാറി മാറി നോക്കണമെന്ന് കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകമാണ് ഉറ്റവരാരും അടുത്ത് പോലുമില്ലാതെ ഈ അമ്മയുടെ മരണം. സരസമ്മയെ നോക്കുന്ന വിഷയത്തില്‍ മക്കള്‍ തമ്മില്‍ കലഹത്തിലായിരുന്നു. അമ്മയെ നോക്കിക്കൊണ്ടിരുന്ന മകള്‍ മറ്റുമക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. മക്കളെ വിളിച്ച് സംസാരിക്കാനുള്ള ഹരിപ്പാട് പൊലീസിനോട് നിസഹരണ മനോഭാവമാണ് മക്കള്‍ കാണിച്ചത്. ഇതോടെ വിവരം ചെങ്ങന്നൂര്‍ ആര്‍ഡിഒയെ അറിയിക്കുകയായിരുന്നു.

മക്കളെ വിളിച്ചുവരുത്താനുള്ള ശ്രമം ഫലം കാണാതെ വന്നതോടെ ആര്‍ഡിഒ അറസ്റ്റ് വാറന്‍റെ പുറപ്പെടുവിക്കുകയായിരുന്നു. ബുധനാഴ്ച മക്കളില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് ആര്‍ഡിഒയ്ക്ക് മുന്നില്‍ ഹാജരാക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മൂന്നുമാസം വീതം അമ്മയെ നോക്കാമെന്ന് അറസ്റ്റിലായ മക്കള്‍ സമ്മതിച്ചു. എന്നാല്‍ കൊണ്ടുപോകാനെത്തുന്ന മക്കളെ കാത്തിരിക്കാതെ രാത്രി 10 മണിയോടെ സരസമ്മ കൊവിഡിന് കീഴടങ്ങുകയായിരുന്നു. 13500 രൂപ മാസം തോറും പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തിയായിരുന്നു സരസമ്മ. എന്നിട്ടും മക്കള്‍ നോക്കാന്‍ ഉപേക്ഷ കാണിച്ചെന്നാണ് ഹരിപ്പാട് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. അവസാനമായി ഒന്നുകാണണമെന്ന ആഗ്രഹം പോലും സാധിക്കാന്‍ മക്കള്‍ തയ്യാറായില്ല. ഇതോടെ സരസമ്മയെ സര്‍ക്കാരിന്‍റെ വയോരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ആര്‍ഡിഒ. സരസമ്മയുടെ മക്കളിലൊരാള്‍ വിദേശത്താണ്, ഇയാള്‍ വാറന്‍റ് കൈപ്പറ്റിയിട്ടില്ല. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുള്ളവരായിരുന്നു സരസമ്മയുടെ അഞ്ചുമക്കളും. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ചതോടെയാണ്, സംരക്ഷണം തേടി ഇവർക്ക് ഓരോ മക്കളെയും സമീപിക്കേണ്ട അവസ്ഥ വന്നത്.

Follow Us:
Download App:
  • android
  • ios