വയനാട് നെന്മേനി പഞ്ചായത്തിലെ കൃഷിഭവനിലും പോസ്റ്റ് ഓഫീസിലും മോഷണം നടന്നു.
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ കൃഷിഭവനിലും പോസ്റ്റ് ഓഫീസിലും മോഷണം നടത്തിയ കള്ളന്‍ ക്ഷമ ചോദിച്ച് കുറിപ്പും എഴുതിയിട്ടു. രണ്ട് ഓഫീസുകളുടെയും പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കൃഷി ഭവനില്‍ ഓഫീസറുടെ മേശയില്‍ സൂക്ഷിച്ചിരുന്ന 30 പേനകള്‍ നഷ്‌പെട്ടു.
പോസ്റ്റ് ഓഫീസില്‍ നിന്ന് അഞ്ച് പാര്‍സലും മൂന്ന് ഇലക്ഷന്‍ ഐഡി കാര്‍ഡും നഷ്ടപ്പെട്ടു. രണ്ടിടങ്ങളിലും മേശപ്പുറത്ത് കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ നൂല്‍പ്പുഴ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ജീവനക്കാരി കൃഷി ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് കൃഷി ഓഫീസറും മറ്റു ജീവനക്കാരും സ്ഥലത്തെത്തുകയും പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലിസ് സ്ഥലത്തെത്തിയതിന് ശേഷം കൃഷി ഓഫീസറുടെ മുറിയടക്കം പരിശോധിച്ചപ്പോഴാണ് മേശയില്‍ ഉണ്ടായിരുന്ന പേനകള്‍ നഷ്ടപ്പെട്ടതായി കണ്ടത്. മേശപ്പുറത്തായി മോഷ്ടാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും കൃഷി ഭവനില്‍ മോഷണ ശ്രമം നടന്നിരുന്നു.
ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ പോസ്റ്റ് ഓഫീസ് ഇന്നലെ തുറന്നിരുന്നില്ല. ഇതുകാരണം മോഷ്ടാവ് കയറിയെന്ന കാര്യം രാവിലെ പതിനൊന്ന് മണിയോടെയാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പോസ്റ്റ് ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാര്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി നോക്കിയപ്പോഴാണ് ഫയലുകളും പാര്‍സലുകളുമെല്ലാം വാരി വലിച്ചിട്ട നിലയില്‍ കണ്ടത്. നൂല്‍പ്പുഴ പോലീസും പോസ്റ്റല്‍ വകുപ്പ് ഉന്നത അധികൃതരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ആളുകള്‍ക്ക് നല്‍കാനുള്ള അഞ്ചു പാര്‍സലുകളും, മൂന്ന് ഇലക്ഷന്‍ ഐഡി കാര്‍ഡുകളും നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
കൃഷിഭവനു നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണശ്രമത്തിലും, ഇപ്പോള്‍ പോസ്റ്റ് ഓഫീസില്‍ ഉണ്ടായ മോഷണത്തെയും തുടര്‍ന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. മോഷ്ടാക്കളെ കുടുക്കാന്‍ നെന്മേനി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികാരികള്‍














