Asianet News MalayalamAsianet News Malayalam

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഗുരുതര കുറ്റം ചുമത്തി പൊലീസ്, 38 കാരന്‍ അറസ്റ്റില്‍

നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി വാക്കേലവളപ്പിൽ വീട്ടിൽ മണികണ്ഠൻ (38) ആണ് അറസ്റ്റിലായത്. ഐ പി സി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്.

7th class student suicide in palakkad Police arrested 38 year old man
Author
First Published Apr 23, 2024, 8:24 PM IST

പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥി കൂറ്റനാട് കട്ടിൽമാടം മുല്ലക്കൽ വീട്ടിൽ സത്യനാരായണന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി വാക്കേലവളപ്പിൽ വീട്ടിൽ മണികണ്ഠൻ (38) ആണ് അറസ്റ്റിലായത്. ഐ പി സി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാർച്ച് 9 നാണ് മുല്ലക്കൽ പ്രീതിയുടെ മകൻ പന്ത്രണ്ട് വയസുള്ള സൂര്യനാരായണൻ ആത്മഹത്യ ചെയ്തത്. വീടിന്‍റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാത്തനൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു സൂര്യനാരായണൻ.

സൂര്യനാരായണൻ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീട്ടിൽ രണ്ട് പേർ എത്തുകയും തർക്കം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. തർക്കിക്കാൻ എത്തിയ ആളുടെ വീട്ടിൽ വളർത്തുന്ന മത്സ്യം കാണാതായതുമായി ബന്ധപ്പെട്ട വിഷയമാണ് ഇവർ സംസാരിച്ചത്. വന്നവർ തിരികെ മടങ്ങിയതിന് ശേഷമാണ് സൂര്യനാരായണൻ വീടിന് മുകൾനിലയിലേക്ക് പോയത്. തുടർന്ന് രാത്രി 9 മണിക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വരാത്തതിനെ തുടർന്ന് മുകളിൽ ചെന്ന് നോക്കിയപ്പോൾ അവിടെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സൂര്യനാരായണന്റെ അമ്മ പൊലീസിനോട് പറഞ്ഞത്.

മകന്റെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യണമെന്ന് അമ്മ പ്രീത മോൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തിയ ചാലിശ്ശേരി സിഐ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി. പിന്നീട് പ്രതി മണികണ്ഠനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios