കാസർകോട് ജനറൽ ആശുപത്രിയിൽ ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുകയും സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കാസർകോട്: ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഘമാണ് ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ നിന്ന് ഇരു വിഭാഗവും കൊമ്പുകോർത്തതോടെ ഏതാണ്ട് അരമണിക്കൂറോളം ആശുപത്രിയിൽ ഒപി-അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസപ്പെട്ടുവെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ പറഞ്ഞു. എട്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. മാങ്ങാട് ബാര പട്ടത്തൊടി ഷബീർ അലി (28) , ചെമ്മനാട് കൂമനടുക്കം പി ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ കണ്ടത്തിൽ ഹൗസിൽ അഹമ്മദ് ഷാനവാസ് (28) ,ചെമ്മനാട് കൂമനടുക്കം സി കെ. അജേഷ് (27), കുഞ്ഞഹമ്മദ് (34), അബ്ദുൽ ഷഫീർ ( 31), മുഹമ്മദ് അഫ്നാൻ (19) കീഴൂരിലെ സൈദ് അഫ്രീദ് ( 27)എന്നിവർക്കെതിരെയാണ് കേസെടുത്തത്.