അഞ്ചുവര്‍ഷം കൊണ്ട് കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി ഏകദേശം എണ്‍പതോളം മോഷണങ്ങള്‍ ആണ് ഇയാള്‍ നടത്തിയത്.
ആലപ്പുഴ: കുമാരപുരം കരുവാറ്റ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി 2015 മുതല്‍ മോഷണം നടത്തി പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താമല്ലാക്കല്‍ കെ.വി ജെട്ടി മാണിക്കോത്ത് അജിത്ത് തോമസ്(43) ആയി ഹരിപ്പാട് സി ഐ ആര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കരുവാറ്റ പഞ്ചായത്തിലെ മോഷണം നടന്ന നാലു വീടുകളില്‍ ആണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘം പോയത്.
ഈ വീടുകളില്‍ നിന്ന് ഏകദേശം 15 പവനോളം സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇരുപത്തിനാലാം തീയതി വരെയാണ് പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി ഏകദേശം എണ്‍പതോളം മോഷണങ്ങള്‍ ആണ് ഇയാള്‍ നടത്തിയത്. എറണാകുളത്ത് താമസമാക്കിയ ഇയാള്‍ രാത്രിയില്‍ ബൈക്കില്‍ കുമാരപുരത്ത് എത്തുകയും കാല്‍നടയായി പല സ്ഥലങ്ങളിലും മോഷണം നടത്തി രാത്രി തന്നെ തിരികെ പോകുകയുമാണ് പതിവ്.
