ബിഎസ്എൻഎല്ലിൽ ഉദ്യോഗസ്ഥനായിരുന്നു. 2005 ല്‍ വിരമിച്ചപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ദിനേശൻ അധികം കാത്തുനിന്നില്ല
ആലപ്പുഴ: എണ്‍പതാം വയസ്സിലും മണ്ണിനോട് പടവെട്ടി വിസ്മയമാകുകയാണ് ആലപ്പുഴ സ്വദേശി ദിനേശന്‍. മൂന്നേക്കറില്‍ പച്ചക്കറികളും തെങ്ങും വാഴയും കപ്പയും എല്ലാം വിളയിക്കുന്ന ദിനേശന്‍ ഇതെല്ലാം ചെയ്യുന്നത് ഒറ്റക്കാണ്. ഒരു തൊഴിലാളിയെ പോലും കൂട്ടാതെ.
കലവൂർ സ്വദേശിയായ ദിനേശന് കൃഷി അത്ര പുതുമയുള്ള കാര്യം ഒന്നുമല്ല. കുട്ടനാട്ടിലെ കാര്‍ഷിക കുടുംബത്തിലായിരുന്നു ജനനം. പിന്നെ ബിഎസ്എൻഎല്ലിൽ ഉദ്യോഗസ്ഥനായി ആലപ്പുഴ നഗരത്തിലേക്ക് ചേക്കേറി. 2005 ല്‍ വിരമിച്ചപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ദിനേശൻ അധികം കാത്തുനിന്നില്ല. കുടുംബപരമായി കിട്ടിയ മൂന്നേക്കര്‍ മണ്ണിലേക്കിറങ്ങി. കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സഹായം തേടി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 27 ഇനം പച്ചക്കറികള്‍. കൂടെ തെങ്ങ്, വാഴ, കപ്പ, പുളി, മഞ്ഞൾ തുടങ്ങിയവയും.
നടീലും നനയും മുതല്‍ വിളവെടുപ്പ് വരെ എല്ലാം ഒറ്റയ്ക്ക്. കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന മകനും മരുമകളും വീട്ടിലെത്തുമ്പോള്‍ കൂടെ കൂടും. പച്ചക്കറികള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായ കീടങ്ങളെ തുരുത്താന്‍ ചെണ്ടുമല്ലിയും സൂര്യകാന്തിയും ഒപ്പം നടുന്നത് ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് ദിനേശന്‍ പറയുന്നു. ജൈവവളം മാത്രം ഉപയോഗിക്കുന്ന ദിനേശന്‍റെ പച്ചക്കറികൾക്ക് നാട്ടില്‍ വൻ ഡിമാന്‍റാണ്.

