ശക്തമായ കാറ്റിലും മഴയിലും ഹരിപ്പാട് വ്യാപക നാശനഷ്ടം. കടവിൽ പറമ്പിൽ കെ എ കമറുദ്ദീന്റെ 800 കുലച്ച ഏത്തവാഴകൾ നശിച്ചു, 7 ലക്ഷം രൂപയുടെ നഷ്ടം

ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും വിയപുരത്ത് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പരമ്പരാഗത കർഷകനായ കടവിൽ പറമ്പിൽ കെ എ കമറുദ്ദീന്റെ എണ്ണൂറോളം കുലച്ച ഏത്ത വാഴകളാണ് പൂർണ്ണമായും തകർന്നടിഞ്ഞു. ഒരു മാസം കൂടി പിന്നിട്ടിരുന്നെങ്കിൽ ഭാഗികമായെങ്കിലും വിളവെടുപ്പ് നടത്താമായിന്നു. വാഴ ഒന്നിന് മുന്നൂറോളം രൂപ ചിലവ് വന്നതാണ്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന വാഴക്കുലകൾക്ക് 7 ലക്ഷം രൂപയുടെ വരെ വിളവ് ലഭിക്കുമായിരുന്നതാണ് പൂർണമായും നശിച്ചത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തും സ്വകാര്യ വ്യക്തികളിൽ നിന്ന് ഭീമമായ പലിശ നൽകിയുമാണ് കൃഷി ഇറക്കിയതെന്നും കർഷകൻ പറഞ്ഞു. 

രണ്ടാം വാർഡിൽ നന്നങ്കേരി കോളനിയിൽ സാദിഖിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു ഭാഗികമായി തകർന്നു. പടിഞ്ഞാറക്ക ഒന്നാം വാർഡിൽ 3 വൈദ്യുതി പോസ്റ്റുകളാണ് ഒടിഞ്ഞത്. ജനവാസ മേഖലയായ പാറേച്ചിറ കോളനിയിൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ശബ്ദം കേട്ട് ആളുകൾ പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീഴുകയാണെന്ന് മനസ്സിലായതോടെ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കിയതിനാലാണ് ദുരന്തം ഒഴിവായത്. തൊട്ടടുത്ത ചിറയിൽ റഷീദിന്റെ തെങ്ങ് കടപുഴകി വീഴുകയും ചെയ്തു. പുത്തൻ തുരുത്ത്, പോച്ച, മേല്ലാടം തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയ സംഭവങ്ങൾ ഉണ്ടായി.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം