മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടിലില്‍ ഒന്‍പത് ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. 'ഇതള്‍' എന്ന് പേരിട്ട കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ദത്ത് നടപടികള്‍ക്കായി ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആധുനിക സജ്ജീകരണങ്ങളോടെ പുനര്‍നിര്‍മ്മിച്ച അമ്മത്തൊട്ടിലില്‍ ആദ്യ കുഞ്ഞെത്തി. ഒന്‍പത് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ആണ് ആദ്യമായി ഇവിടെ എത്തിയത്. അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് 'ഇതള്‍' എന്നാണ് അധികൃതര്‍ പേരിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2.7 കിലോ ഭാരവും 50 സെ.മീ പൊക്കവുമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19-നാണ് സംസ്ഥാന ശിശുക്ഷേമ സമിതി മഞ്ചേരിയിലെ അമ്മത്തൊട്ടില്‍ ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രത്യേക ഉത്തരവുപ്രകാരം ഇതളിനെ പട്ടര്‍ക്കടവിലുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഔദ്യോഗിക ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍. കുഞ്ഞിന്മേല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അവര്‍ എത്രയും വേഗം സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കണക്കുകള്‍ പ്രകാരം 2002 നവംബര്‍ 14-ന് തിരുവനന്തപുരത്ത് ആദ്യ അമ്മത്തൊട്ടില്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 998 കുട്ടികള്‍ക്കാണ് അമ്മക്കൂട് അഭയമേകിയത്. 2023 മാര്‍ച്ച് മുതല്‍ ഇതുവരെ സംസ്ഥാനത്തെ വിവിധ അമ്മത്തൊട്ടിലുകളിലായി 110 കുരുന്നുകളെ ലഭിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും (66 പേര്‍) ഏറ്റവും കുറവ് മലപ്പുറത്തു(ഒന്ന്)മാണ്. 2026-ല്‍ ഇതുവരെ 20 കുട്ടികളാണ് അമ്മത്തൊട്ടിലുകള്‍ വഴി സമിതിക്ക് ലഭിച്ചത്. കൂടാതെ, 2023 മാര്‍ച്ച് മുതല്‍ ഇതുവരെ ആഭ്യന്തര-അന്തര്‍ദ്ദേശീയ തലങ്ങളിലായി 247 കുട്ടികളെ വിവിധ കുടുംബങ്ങളിലേക്ക് ദത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയും തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിനെ ഇറ്റലിയിലെ ലൂക്കയിലുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതായി ശിശുക്ഷേമ സമിതി പറഞ്ഞു.