ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു ഭാഗം തുറന്ന് കിടന്ന ഓടക്കുള്ളിലേക്ക് ഒൻപതുവയസുകാരി വീണത്. 

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായ രീതിയിൽ ഓട നിർമാണം. തുറന്ന് കിടന്ന ഓടക്കുള്ളിൽ വീണ് പെൺകുട്ടിക്ക് പരിക്ക്. നീർക്കുന്നം ഇജാബ മസ്ജിദിന് എതിർ വശം താമസിക്കുന്ന ഒൻപത് വയസുകാരിയാണ് ഓടക്കുള്ളിൽ വീണത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു ഭാഗം തുറന്ന് കിടന്ന ഓടക്കുള്ളിലേക്ക് ഒൻപതുവയസുകാരി വീണത്. 

വീഴ്ചയിൽ കുട്ടിയുടെ കാലിന് പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ദേശീയ പാത നിർമ്മാണത്തിന്‍റെ ഭാഗമായി പലയിടത്തും റോഡിന്‍റെ ഇരുവശങ്ങളിലും ഓട നിർമ്മിക്കുന്നുണ്ട്. എന്നാൽ അശാസ്ത്രീയമായി നിർമ്മിക്കുന്ന ഓട വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. വഴി വിളക്കില്ലാത്ത പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ യാത്രക്കാർ ഓടക്കുള്ളിൽ വീഴുന്നത് നിത്യ സംഭവമാണ്. പലതവണ പരാതി നൽകിയിട്ടും ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Read More : ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിനും സാധ്യത