കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആണ് പ്രധാനമായും പരിശോധന നടത്തിയത്. ബീച്ചിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ കോഴിയിറച്ചി പിടികൂടി. ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നുമാണ് 90 കിലോഗ്രാമോളം കോഴിയിറച്ചി പിടികൂടിയത്. സ്ഥാപനം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിച്ചു. കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആണ് പ്രധാനമായും പരിശോധന നടത്തിയത്. ബീച്ചിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

ജല ഗുണ നിലവാരം പരിശോധിക്കാത്തതും ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെ ഇവ ശരിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. തിരുവങ്ങൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ ഷീബയുടെ നിര്‍ദേശാനുസരണം കാപ്പാട് ടൂറിസം പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.