താമല്ലാക്കൽ മുഹിയുദ്ദീൻ മസ്ജിദിന് സമീപമുള്ള വസ്തുവിൽ പുതിയ മദ്രസ കെട്ടിടം പണിയുന്നതിനുള്ള നടപടികൾ മഹല്ല് കമ്മിറ്റി ആരംഭിച്ചു. നിലവിൽ ഒന്നു മുതൽ പ്ലസ് ടുവരെ ക്ലാസുകളിലായി 150ഓളം വിദ്യാർത്ഥികൾ മദ്രസയിൽ പഠിക്കുന്നുണ്ട്. 

ഹരിപ്പാട്: ദേശീയപാതാ വികസനത്തിന് വേണ്ടി 90 വർഷം പഴക്കമുള്ള മദ്രസ കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. താമല്ലാക്കൽ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ ഉടമസ്ഥതയിൽ ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന മുറബ്ബിൽ വിൽദാൻ മദ്രസാ കെട്ടിടമാണ് പൊളിച്ചു മാറ്റപ്പെടുന്നത്. 

നൂറുകണക്കിന് വിദ്യാർത്ഥികൾ മുറബ്ബിൽ വിൽ ദാൻ മദ്രസയിലെ വിദ്യാഭ്യാസത്തിനുശേഷം വിവിധ ദർസുകളിലും കോളേജുകളിലും പഠനം പൂർത്തിയാക്കി വിവിധ മസ്ജിദുകളിലും അറബി കോളേജുകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്. മദ്രസാ കെട്ടിടവും ഏഴ് സെന്‍റ് സ്ഥലവും ആണ് ദേശീയപാത വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തത്.

90 വർഷം മുൻപ് അന്നത്തെ മഹല്ല് കമ്മിറ്റി നിർമ്മിച്ച മദ്രസ കെട്ടിടം പിന്നീട് പലപ്രാവശ്യം അറ്റകുറ്റപ്പണികൾ നടത്തി പുതുക്കിയിരുന്നു. താമല്ലാക്കൽ മുഹിയുദ്ദീൻ മസ്ജിദിന് സമീപമുള്ള വസ്തുവിൽ പുതിയ മദ്രസ കെട്ടിടം പണിയുന്നതിനുള്ള നടപടികൾ മഹല്ല് കമ്മിറ്റി ആരംഭിച്ചു. നിലവിൽ ഒന്നു മുതൽ പ്ലസ് ടുവരെ ക്ലാസുകളിലായി 150ഓളം വിദ്യാർത്ഥികൾ മദ്രസയിൽ പഠിക്കുന്നുണ്ട്. 

ദേശീയ പാതയില്‍ അപകടക്കെണിയൊരുക്കി കുഴികള്‍; സ്വന്തം ചെലവിൽ നികത്തി എംവിഡി ഉദ്യോഗസ്ഥര്‍

ഹരിപ്പാട് : ദേശീയ പാതയിലെ കുഴി ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമായതോടെ ഇടപെടലുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷന് മുൻപിലെ ഡിവൈഡർ പൊളിച്ചു മാറ്റിയ സ്ഥലത്തെ കുഴികളാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ നികത്തി യാത്രക്കാരെ വലച്ചിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടത്. ബസ് സ്റ്റാന്‍റും ദേശീയപാതയും തമ്മിൽ വേർതിരിക്കുന്നതിനാണ് ഡിവൈഡർ സ്ഥാപിച്ചിരുന്നത്.

ദേശീയപാത ടാർ ചെയ്ത് ഉയരം കൂട്ടിയതോടെ ഡിവൈഡർ റോഡിനൊപ്പമായി. ഇതേത്തുടർന്നാണ് പൊളിച്ചു മാറ്റിയത്. പൊളിച്ചു മാറ്റിയ സ്ഥലത്തെ കുഴികൾ ശരിയായ രീതിയിൽ അടയ്ക്കാത്തത് കാരണം വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത ഉണ്ടായിരുന്നു. കുഴികളിൽ വീണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങൾ ഉണ്ടാവുകയും ചെയ്കു. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെട്ടതിൽ ഏറെയും. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും അപകട സാധ്യത വർധിപ്പിച്ചു.

യാത്രക്കാർ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കുഴികളിൽ വീണ് അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയായിരുന്നു. ദേശീയപാത നാലുവരി പാതയാക്കുന്ന നടപടികൾ നടക്കുന്നതിനാൽ ദേശീയപാത അതോറിറ്റി റോഡിലെ കുഴികൾ അടയ്ക്കുന്ന ജോലികള്‍ ഇപ്പോള്‍ നടത്തുന്നില്ല. ഇതോടെ ആലപ്പുഴ ആർടിഒ ജി എസ് സജിപ്രസാദ് റോഡിലെ കുഴികൾ അപകടരഹിതമാക്കാൻ നടപടി സ്വീകരിക്കാൻ കായംകുളം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചത്.