ഇടുക്കി: പാതിരാത്രിയിൽ വഴിയരികിൽ വീണ കുരുന്നിനെ രക്ഷിച്ച പൊലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ഓണസമ്മാനം നൽകി അങ്കമാലിയിലെ  കച്ചവടക്കാരൻ. ജീവൻ എന്ന ബേക്കറി നടത്തുന്ന വ്യാപാരിയാണ് ഉദ്യോഗസ്ഥർക്ക് ഓണസമ്മാനമായി മധുരപലഹാരങ്ങൾ പാർസലായി എത്തിച്ച് നൽകിയത്. 

പൊന്നോണനാളിൽ പൊന്നിന്റെ ജീവൻ രക്ഷിച്ച ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥർക്ക് പൊന്നോണ ആശംസകളെന്ന കുറിപ്പും പൊതിക്കുള്ളിലുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനം  പാർസലായി സ്റ്റേഷനിലെത്തിയത്. 

എസ്ഐയുടെ പേരിലെത്തിയ പൊതിയുടെ മുകളിൽ കുറിപ്പുകളൊന്നും ഇല്ലാതിരുന്നത് ആദ്യം ആശങ്ക പരത്തിയെങ്കിലും തുറന്നതോടെ എല്ലാവരുടെയും മനസ്സ് നിറഞ്ഞു. ഓണസമ്മാനമായി  ചക്കരവരട്ടിയും ചിപ്പും  പിന്നെ പേരും ഫോൺ നമ്പറുo എഴുതിയ ചെറിയ കുറപ്പും. 

ഞായറാഴ്ച പാതിരാത്രി പഴനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒന്നര വയസ് പ്രായമുള്ള കുട്ടി അമ്മയുടെ കയ്യിൽ നിന്നും വഴുതി റോഡിൽ വീണത്. രാജമല ഒൻപതാം മൈലിൽ വീണ കുട്ടിയെ ഫോറസ്റ്റ് വാച്ചർമാരാണ് രക്ഷപ്പെടുത്തി മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചയോടെ പോലിസിന്റെ സാനിധ്യത്തിൽ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയത്.