ഇന്ന് രാവിലെ 11 മണിക്കാണ് ഇലവുംതിട്ട ജംഗ്ഷനിലുള്ള ബാറിൽ വെച്ച് അജിരാജും മറ്റ് നാലുപേരും തമ്മിൽ സംഘർഷം ഉണ്ടായത്. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആദ്യം വാക്കേറ്റം ഉണ്ടായി. പിന്നീട് വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു.

പത്തനംതിട്ട: പത്തനംതിട്ട: ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നെല്ലാനിക്കുന്ന സ്വദേശി അജിരാജ് ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മുരളിക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 11 മണിക്കാണ് ഇലവുംതിട്ട ജംഗ്ഷനിലുള്ള ബാറിൽ വെച്ച് അജിരാജും മറ്റ് നാലുപേരും തമ്മിൽ സംഘർഷം ഉണ്ടായത്. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആദ്യം വാക്കേറ്റം ഉണ്ടായി. പിന്നീട് വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ആദ്യം ബാറിനുള്ളിൽ വച്ചായിരുന്നു അടിപിടി. പിന്നീട് പുറത്തിറങ്ങിയശേഷം ബാറിന് പിൻവശത്ത് വച്ചും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് പന്നിക്കുഴി സ്വദേശി മുരളി അജിരാജിനെ തള്ളി താഴെ ഇട്ടത്. 

YouTube video player

വീഴ്ചയുടെ ആഘാതത്തിൽ അജിരാജിന്‍റെ തലയ്ക്ക് പരിക്കേറ്റു. സംഭവം സ്ഥലത്തുനിന്ന് അജിരാജ് വീട്ടിൽ പോവുകയും വീട്ടിലെത്തിയശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തും മുമ്പുതന്നെ അജിരാജ് മരിച്ചു. ഇയാളുടെ തലയ്ക്ക് പിന്നിലും മുഖത്തും ഗുരുതര പരിക്കുകൾ ഉണ്ട്. തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. നാളെയാണ് പോസ്റ്റുമോര്‍ട്ടം.