പ്രളയത്തില്‍ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ദുരിതാശ്വാസ ക്യാമ്പ്. എം എല്‍ എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സര്‍ക്കാരുദ്യോഗസ്ഥരും ഒത്തൊരുമിച്ചപ്പോള്‍ രതീഷിന്‍റെയും അമ്മുവിന്‍റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം. ആലപ്പുഴ ബിലീവിയേഴ്‌സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഈ വിവാഹവാര്‍ത്ത.
ആലപ്പുഴ: പ്രളയത്തില്‍ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ദുരിതാശ്വാസ ക്യാമ്പ്. എം എല്‍ എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സര്‍ക്കാരുദ്യോഗസ്ഥരും ഒത്തൊരുമിച്ചപ്പോള്‍ രതീഷിന്‍റെയും അമ്മുവിന്‍റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം. ആലപ്പുഴ ബിലീവിയേഴ്‌സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഈ വിവാഹവാര്‍ത്ത.
പ്രളയത്തില്‍ അകപ്പെട്ട ചമ്പക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജുവിന്‍റെയും നിര്‍മലയുടേയും മകള്‍ അമ്മുവിന്‍റെയും വിവാഹം ഈ മാസം 21ന് നടത്താനായിരുന്നു ആദ്യതീരുമാനം. പ്രളയത്തോടെ കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. ഇതോടെ മുഹൂര്‍ത്തവും തീയതിയും മാറി. പിന്നെയുണ്ടായിരുന്നത് ആഗസ്ത് 27ലെ മുഹൂര്‍ത്തമായിരുന്നു. അന്നും വിവാഹം നടക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലായി ബിജുവും കുടുംബവും. നാട്ടില്‍ വെള്ളം ഒഴിഞ്ഞിട്ടില്ല, കൈയില്‍ കരുതിയതാകട്ടെ പ്രളയത്തിനൊപ്പം നഷ്ടപ്പെട്ടു.
ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ബിജു ക്യാമ്പധികൃതരുടെ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ചത്. തുടര്‍ന്നങ്ങോട്ട് ക്യാമ്പ് മുഴുവന്‍ കല്യാണത്തിനുള്ള ഒരുക്കത്തിലായി. വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയോടും ചടങ്ങുകളോടെയും നടത്താന്‍ തീരുമാനമായി. അതു മാത്രമായി ക്യാമ്പിന്‍റെ ഏക ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്‍റ് കവിത, സെക്രട്ടറി എസ് വീണ, വൈസ് പ്രസിഡന്‍റ് ബിപിന്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍, പ്രദേശവാസികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെയെല്ലാവരുടെയും ഒരു മനസോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി.
എല്ലാ മതാചാരങ്ങളോടെയും സ്വന്തം കുടുംബത്തിലെ കല്യാണമെന്ന പോലെ ക്യാംമ്പംഗങ്ങളേയവരും കലവറയിലും മറ്റുമായി ഒത്തുചേര്‍ന്നു. അമ്മുവിന്‍റെ ബന്ധുക്കളില്‍ പലരും പല ക്യാമ്പുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരേയും വിവാഹദിവസം സ്‌കൂളിലെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് എല്ലാ സഹായവുമായി സ്‌കൂള്‍ അധികൃതര്‍, ഹരിത സേനാംഗങ്ങള്‍, എ ഡി എസ്, സി ഡി എസ് പ്രവര്‍ത്തകരും അണിനിരന്നതോടെ ആദ്യന്തം മംഗളകരമായി വിവാഹവേദി.
ചടങ്ങുകള്‍ക്ക് ശേഷം എ എം ആരിഫ് എം എല്‍ എയാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് കൈമാറിയത്. കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണുവിന്‍റെയും ലതയുടെയും മകനാണ് രതീഷ്. എല്ലാവരുടെയും സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പില്‍ നടത്തിയ കല്യാണം അതിജീവനത്തിന്‍റെ നാളുകളിലൂടെ കടന്നുപോകുന്ന കേരളത്തിന് മറ്റൊരു സന്താഷമുഹൂര്‍ത്തം കൂടിയാണ് പകരുന്നത്.
