സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായി.
ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട് എയർഗണ്ണിന് വെടിയേറ്റ് മധ്യവയസ്ക്കൻ മരിച്ചു. പള്ളിപ്പാട് വഴുതാനത്ത് സോമൻ ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വയറിലും മുതുകിലും ആണ് വെടിയേറ്റത്. പ്രസാദ് എന്നയാളാണ് സോമനെ വെടിവെച്ചത്. സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപരമായ തർക്കങ്ങളാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് മരിച്ച സോമൻ്റെ ഇരട്ട സഹോദരങ്ങളുമായി പ്രസാദ് കവലയിൽ വെച്ച് വഴക്കിട്ടിരുന്നു. ഇത് ചോദിക്കാൻ സോമൻ വീട്ടിലെത്തിയപ്പോഴാണ് വിമുക്ത ഭടൻ കൂടിയായ പ്രസാദ് വെടിവെച്ചത്.
മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിൻ്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് സജീവിന്‍റെ വീട്ടിൽ വച്ചാണ് ഷാഫി നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. സജീവിനൊപ്പം സുഹൃത്തുക്കളായ മുഫീദ്, സുൽഫിക്കർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ന് വിരലടയാള വിദഗ്ധരുൾപ്പെട്ട സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സജീവിനെ പ്രതിചേർക്കാൻ പൊലീസ് തീരുമാനിച്ചത്. തോക്ക് സജീവിന്റെ കൈയ്യിലിരിക്കെയാണ് വെടിയേറ്റതെന്ന നിഗമനത്തിലാണ് അറസ്റ്റ്. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അബദ്ധത്തിൽ വെടിയേറ്റതാണെന്ന വാദം പൊലീസ് തള്ളിക്കളയുകയാണ്. മുഫീദിനെയും സുൽഫിക്കറിനെയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഉപാധികളോടെ വിട്ടയച്ചു.
