ഹരിപ്പാട്: ടെസ്റ്റ് പേപ്പർ ഭയന്ന് കടൽത്തീരത്ത് കറങ്ങാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കോസ്റ്റൽ പൊലീസ് പിടികൂടി. ഇന്ന് രാവിലെ 11 മണിയോടെ തൃക്കുന്നപ്പുഴ മതുക്കൽ ബീച്ചിന് സമീപത്തുനിന്നുമാണ് മുതുകുളം ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പിടികൂടിയത്. 

ഒറ്റയ്ക്ക് കടൽത്തീരത്ത് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് വിദ്യാർത്ഥിയെ പിടിച്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് സ്കൂളിൽ നടക്കുന്ന രണ്ട് ടെസ്റ്റ് പേപ്പർ ഭയന്ന് സ്കൂളിൽ കയറാതെ ബാഗും ഭക്ഷണവുമായി കടൽ തീരത്ത് എത്തിയതാണെന്ന് അറിഞ്ഞത്. 

തുടർന്ന് പൊലീസുകാർ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. വലിയഴീക്കലിൽ കഴി‌ഞ്ഞ ആഴ്ച കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ച സംഭവത്തിന് ശേഷം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വലിയഴീക്കൽ, പെരുമ്പള്ളി, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കോസ്റ്റൽ വാർഡനെയും ഡ്യൂട്ടിയ്ക്ക് നിയമിച്ചിട്ടുണ്ട്.