ഇടുക്കി: ഗര്‍ഭിണിയായ നായയെ തെയിലത്തോട്ടത്തില്‍ കെട്ടിയിട്ട് അജ്ഞാതര്‍ കടന്നുകളഞ്ഞു. പ്രസവത്തില്‍ ആറുകുട്ടികള്‍ക്ക് ജന്മം നല്‍കിയ നായക്ക് ഒടുവിൽ സഹായമെത്തിച്ചത് സമീപവാസി ബാസ്‌കരനും ബന്ധുക്കളും. പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ തെയിലത്തോട്ടത്തിലാണ് ഗര്‍ഭിണിയായ നായയെ അജ്ഞാതര്‍ കമ്പികൊണ്ട് കഴുത്തില്‍കെട്ടിയിട്ട നിലയില്‍ ഉപേക്ഷിച്ച് പോയത്. 

മുന്നുദിവസം മുമ്പ് വീടിന് സമീപത്തെ തെയിലക്കാട്ടില്‍ നായകുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ബാസ്‌കരനും ബന്ധുക്കളും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തെയിലക്കാട്ടില്‍ അവശനിലയില്‍ കിടക്കുന്ന നായയെ കണ്ടെത്തി. ഒപ്പം അഞ്ച് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഉടന്‍തന്നെ പട്ടിക്ക് ഭക്ഷണവും കുഞ്ഞുങ്ങള്‍ക്ക് പാലും നല്‍കിയശേഷം കഴുത്തിലെ കമ്പി വെട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

രണ്ടുദിവസമായി മിണ്ടാപ്രാണിയെ രക്ഷപ്പെടുത്താന്‍ പഞ്ചായത്തിനോടും അഗ്നിശമനസേനയോടും ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്ന് ഇയാള്‍ പറയുന്നു. കമ്പിയിറുകി കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പട്ടിപിടുത്താക്കാരുടെ സഹായത്തോടെ അധിക്യതര്‍ മിണ്ടാപ്രാണിയെ രക്ഷപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.