മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം : തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കിഴക്കേകോട്ടയിൽ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സജിത്ത് എന്ന പ്രൈവറ്റ് ബസിന്റെ ഡ്രൈവർ ഡേവിഡാണ് പിടിയിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഡേവിഡിന്‍റെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടിച്ചെടുത്തു. ബസ്സിനകത്ത് വച്ച് ഇയാൾ മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പരാതി പറഞ്ഞിരുന്നു. നേരത്തെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണന്തല പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.
read more വടക്കഞ്ചേരി ബസ് അപകടം; സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി
അതേ സമയം വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി എംവിഡി നടത്തുന്ന പരിശോധന തുടരുകയാണ്. കൊല്ലം ജില്ലയിൽ ടൂറിസ്റ്റ് ബസുകളിൽ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് വ്യാപക പരിശോധ നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. സ്കൂൾ, കോളേജധികൃതരോട് വിനോദയാത്ര പോകും മുമ്പ് അറിയിപ്പ് നൽകണമെന്ന് മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നൽകി.
ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാത്രമാകും വിനോദയാത്രകൾക്ക് അനുമതി നൽകുക. ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ ടിടിസി കോളേജിൽ നിന്നും വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ലെന്നും അനുവദനീയമായതിലും വലിയ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ബസിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ചേര്‍ത്തലയിൽ നിന്നുള്ള വണ്‍ എസ് ബസാണ് എംവിഡി പിടിച്ചെടുത്തത്. വിനോദയാത്രക്കുള്ള അനുമതി മോട്ടോർ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥർ റദ്ദാക്കിയിട്ടുണ്ട്.
വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് വിലയിരുത്തിയ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിനോദയാത്രക്ക് വാഹനങ്ങളുപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്നും നിര്‍ദ്ദേശിച്ചു.
