കേരളം, തമിഴ്‍നാട്, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമായി ഏകദേശം 452 ഇനം കോഴികൾ പ്രദര്‍ശനത്തിനുണ്ടായിരുന്നു. 

ഇടുക്കി: ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും പണ്ട് മുതലേ പ്രചുര പ്രചാരം നേടിയ ഒരു വിനോദമാണ് കോഴിപ്പോര്. തമിഴിൽ 'ചേവൽ ചണ്ടൈ' എന്നറിയപ്പെടുന്ന ഈ വിനോദത്തിന് തമിഴ്നാട്ടിൽ ഏറെ ആരാധകരുണ്ട്. ഒരു പോരു കോഴിക്ക് ലേലത്തില്‍ പറഞ്ഞ വില 1.5 ലക്ഷം രൂപയാണ്. കേരള-തമിഴ്‍നാട് അതിര്‍ത്തി ജില്ലയായ ദിണ്ടിഗലില്‍ നടന്ന പോര് കോഴി ലേലത്തിലാണ് ഇത്രയും വലിയ തുക കോഴിക്ക് വാഗ്‍ദാനം ചെയ്തത്. 

തമിഴ്നാട്ടിലെ അസെൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച വാർഷികത്തിലാണ് മയില്‍ വെറൈറ്റിയിൽപ്പെട്ട കോഴിയെ പ്രദർശനത്തിനായി കൊണ്ടുവന്നത്. പലരും മോഹ വില പറഞ്ഞുവെങ്കിലും പൂവനെ നൽകാൻ ഉടമ നാഥം ഗാന്ധി തയാറായില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കോമപ്പട്ടി ചിന്നയ്യൻ എന്നയാളുടെ പക്കൽ നിന്നും 90,000 രൂപയ്‍ക്കാണ് താന്‍ കോഴിയെ സ്വന്തമാക്കിയതെന്ന് നാഥം ഗാന്ധി പറഞ്ഞു. 

മുമ്പ് പലപ്പോഴും വലിയ തുക പോര് കോഴികള്‍ക്ക് വാഗ്‍ദാനം ലഭിച്ചിട്ടുണ്ടെന്ന് അസീല്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു കോഴി 3 ലക്ഷം രൂപയ്ക്ക് വിറ്റുപോയെന്നാണ് ഇവരുടെ അവകാശവാദം. ആ കോഴിയെ മോഹവിലക്ക് സ്വന്തമാക്കിയത് ഒമാനില്‍ നിന്നുള്ള ഒരാളാണ്. ഇത്തവണത്തെ ലേലത്തിൽ 5,000 രൂപ മുതല്‍ 1.5 ലക്ഷം രൂപവരെയാണ് കോഴികളുടെ വില.

പ്രാദേശിക കോഴി ഇനങ്ങളെക്കുറിച്ച് അവബോധം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് അസീല്‍ ഓര്‍ഗനൈസേഷന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. കേരളം, തമിഴ്‍നാട്, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമായി ഏകദേശം 452 ഇനം കോഴികൾ പ്രദര്‍ശനത്തിനുണ്ടായിരുന്നു. തൂക്കം, വാലിന്റെ ഘടന, രൂപം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേഴികള്‍ക്ക് വില നിശ്ചയിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പോര് കോഴികളുടെ ഉടമകള്‍ക്ക് രണ്ട് ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കും.