റോഡിന് വശത്തായി ക്ഷേത്രത്തിന് ആര്‍ച്ച് സ്ഥാപിക്കാന്‍ സ്ഥലം തിരയുന്നതിനിടെയാണ് മസ്ജിദ് കമ്മിറ്റി ക്ഷ്രേത്രഭാരവാഹികളെ സമീപിച്ചത്. അതോടെ ക്ഷേത്രത്തിനും മസ്ജിദിനും ഒറ്റ കമാനമെന്ന ആശയത്തിലെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ക്ഷേത്രത്തിനും പള്ളിക്കും ഒരു പ്രവേശന കവാടം. മേല കുറ്റിമൂട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനും പാറയില്‍ മസ്ജിദിനുമാണ് ഒരു കമാനം. നാടിന്‍റെ ഒരുമയാണ് കമാനത്തിലെ കൗതുകത്തിന് പിന്നിലുളള കാരണം. 50 വര്‍ഷമാണ് മസ്ജിദിന്റെ പഴക്കം. റംസാന്‍ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും. റോഡിന് വശത്തായി ക്ഷേത്രത്തിന് ആര്‍ച്ച് സ്ഥാപിക്കാന്‍ സ്ഥലം തിരയുന്നതിനിടെയാണ് മസ്ജിദ് കമ്മിറ്റി ക്ഷ്രേത്രഭാരവാഹികളെ സമീപിച്ചത്. അതോടെ ക്ഷേത്രത്തിനും മസ്ജിദിനും ഒറ്റ കമാനമെന്ന ആശയത്തിലെത്തി. മസ്ജിദിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കമാനത്തിന്‍റെ ഇടതു ഭാഗത്ത് ക്ഷേത്രത്തിന്‍റെ പേര് എഴുതിച്ചേര്‍ത്തു. വലതു ഭാഗത്ത് മസ്ജിദിന്‍റേയും പേരുണ്ട്.'

കമാനവും കടന്ന് മുന്നോട്ട് പോയാല്‍ ക്ഷേത്രത്തിലാണ് ആദ്യമെത്തുക. അല്‍പം മാറിയാല്‍ വലതു ഭാഗത്ത് മസ്ജിദും മദ്റസയും കാണാം. പള്ളിയിലെ നേര്‍ച്ചയ്ക്ക് ക്ഷേത്ര ഭാരവാഹികളും ക്ഷേത്ര ഉത്സവത്തിന് പള്ളി ഭാരവാഹികളും പങ്കെടുക്കും. എല്ലാവര്‍ഷവും മസ്ജിദില്‍ പട്ടുംതിരിയും സമര്‍പ്പിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ ഉത്സവം തുടങ്ങുക.