ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് ലെവൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു.  

വയനാട്: വാകേരിയിൽ അവശനിലയിൽ കണ്ട കടുവ ചത്തു. സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ വെച്ചാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കടുവയുടെ ജഡം സംസ്ക്കരിക്കും. രണ്ട് ദിവസം മുൻപാണ് വാകേരി ഗാന്ധി നഗറിലെ ജനവാസ മേഖലയിൽ കടുവയെത്തിയത്. ആറ് വയസ് പ്രായം തോന്നിക്കുന്ന പെൺകടുവയുടെ വലതു കാലിന് പരിക്കേറ്റിരുന്നു. കടുവകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. 

YouTube video player

കാലിലെ പരിക്കിൽ നിന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വനപാലകർ അറിയിച്ചു. മയക്കുവെടിവെച്ച് കടുവയെ പിടികൂടി ചികിത്സ നൽകാൻ വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വനത്തോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡം ബത്തേരിയിലെ ചികിത്സാ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കും.