പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ ആശയങ്ങൾ പങ്കുവച്ചു എന്ന് കാണിച്ച്  വിഷ്ണുവിന് പത്തുവർഷത്തെ ജയിൽ വാസമാണ് വിധിച്ചിരിക്കുന്നത്. 

ആലപ്പുഴ: ട്വിറ്ററിൽ നടത്തിയ വാദപ്രതിവാദങ്ങൾ ആലപ്പുഴ സ്വദേശി വിഷ്ണുവിനെ കൊണ്ടെത്തിച്ചത് സൗദി അറേബ്യയിലെ ജയിലഴിക്കുള്ളിൽ. മകൻ എന്ന് ജയിൽ മോചിതനാകുമെന്നറിയാതെ മനംനൊന്തു കഴിയുകയാണ് മാതാപിതാക്കൾ. ഇന്ത്യൻ സംസ്കാരത്തെയും ഹൈന്ദവ ദൈവങ്ങളെയും പരിഹസിച്ച യുകെ സ്വദേശിനിയായ മുസ്ലീം വനിതയ്ക്ക് ആലപ്പുഴ സ്വദേശിയും സൗദിയിൽ പ്ലാനിങ് എൻജിനീയറുമായ വിഷ്ണു (28) നൽകിയ മറുപടി ട്വീറ്റുകളാണ് കേസിനാസ്പദം. 

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ ആശയങ്ങൾ പങ്കുവച്ചു എന്ന് കാണിച്ച് വിഷ്ണുവിന് പത്തുവർഷത്തെ ജയിൽ വാസമാണ് വിധിച്ചിരിക്കുന്നത്. 2018 ജൂൺ ഏഴു മുതൽ വിഷ്ണു ജയിലഴിക്കുള്ളിലാണ്. മെക്കാനിക്കൽ എഞ്ചിനീയറായ വിഷ്ണു കഴിഞ്ഞ ആറ് വർഷമായി സൗദിയിൽ ജോലി ചെയ്യുകയാണ്. കമ്പനിയുടെ സെർവറിൽ നിന്നാണ് യുവതിയുമായി ട്വീറ്റ് ചെയ്തിരുന്നത്. 

നബിക്കെതിരായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ട അരാംകോ കമ്പനിയാണ് ഇയാൾക്കെതിരേ പരാതിയും തെളിവുകളും നൽകിയത്. സെപ്റ്റംബർ 13ന് വിഷ്ണുവിന്‍റെ കേസ് പരിഗണിച്ച സൗദി ക്രിമിനൽ കോടതി അഞ്ചു വർഷം തടവും ഒന്നരലക്ഷം സൗദി റിയാലുമാണ് ശിക്ഷ വിധിച്ചിരുന്നത്. ജനുവരി 24ന് കേസ് പുനഃപരിശോധിച്ച മേൽക്കോടതി ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി തടവ് 10 വർഷത്തേക്ക് ദീർഘിപ്പിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്‍റെയും വിദേശകാര്യ മന്ത്രിയുടെയും മുന്നിൽ വിഷ്ണുവിന്‍റെ പിതാവും ഇന്ത്യൻ എയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണൻ നായർ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെ അനുകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കെ.സി.വേണുഗോപാൽ എംപി, സുരേഷ് ഗോപി എംപി, അൽഫോൺസ് കണ്ണന്താനം, ഉമ്മൻചാണ്ടി, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

"വിഷ്ണു ഉപയോഗിച്ചിരുന്ന ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.അവനുമായി ആശയതർക്കമുണ്ടായ യുവതി ആരാണെന്നറിയില്ല.കേസിൽ അവരെക്കുറിച്ച് പരാമർശം പോലുമില്ല. വിഷയം വർഗീയത ആയതോടെ നാട്ടിലും പേടിയോടെയാണ് കഴിയുന്നത്. മേൽവിലാസം പോലും പ്രസിദ്ധപ്പെടുത്തുന്നതിനെ ഞങ്ങൾ ഭയക്കുന്നു ." പിതാവ് രാധാകൃഷ്ണൻ നായർ പറഞ്ഞു. എങ്ങനെയെങ്കിലും ഭരണകൂടം ഇടപെട്ട് തങ്ങളുടെ മകനെ രക്ഷിക്കണമെന്നാണ് മാതാപിതാക്കളുടെ അപേക്ഷ.