വൈകിട്ട് നാലുമണിക്കാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും, വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
കോട്ടയം : വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രികരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശിയായ രാജൻ (71)എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിക്കാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും, വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ഇടിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബസിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, പാലക്കാട് മണ്ണാർക്കാട് ദേശീയപാതയിൽ രണ്ടിടത്ത് വാഹനാപകടമുണ്ടായി. കല്ലടിക്കോടിനു സമീപം തുപ്പനാട് മറിഞ്ഞ ലോറിക്കടിയിൽ ഡ്രൈവർ കുടുങ്ങി. എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ലോറി നിയന്ത്രണം വിടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ലോറിക്കടിയിൽ കുടുങ്ങിയ ആളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പാലക്കാട് നിന്നും മണ്ണാർക്കാട് നിന്നും അഗ്നിരക്ഷാ സേന എത്തിയാണ്, ലോറിയുടെ ഭാഗങ്ങൾ അറത്തു മാറ്റി ഡ്രൈവറെ പുറത്തു എടുത്തത്.
മണ്ണാർക്കാട് ആശുപത്രി പടിയിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. സ്വകാര്യ ബസിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
read more news മലകയറ്റത്തിനിടെ തലയടിച്ചു വീണു, ഷാർജയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം മലകയറ്റത്തിനിടെ തലയടിച്ചു വീണു, ഷാർജയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
