Asianet News MalayalamAsianet News Malayalam

പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടി, വീണത് കാനയിലേക്ക്, കാൽനടയാത്രക്കാരിക്ക് പരിക്ക്; പിന്നാലെ കാനമൂടി

നടന്നുവരികയായിരുന്ന യുവതി പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയപ്പോൾ ആണ് കാനയിലേക്ക് വീണത്. 

a woman pedestal of  thrissur injured in potholes accident
Author
First Published Feb 7, 2023, 4:13 PM IST

തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക്. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ ദേശീയപാതയ്ക്ക് സമീപം വടക്കേനടയിലെ പോനാക്കുഴി ബിൽഡിങ്ങിന് മുൻവശമാണ് അപകടം നടന്നത്. നടന്നുവരികയായിരുന്ന യുവതി പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയപ്പോൾ ആണ് കാനയിലേക്ക് വീണത്. ഉച്ചയോടെയാണ് അപകടമുണ്ടായത്.നാട്ടുകാരും വ്യാപാരികളും ചേർന്നാണ് യുവതിയെ പിടിച്ചു കയറ്റിയത്. പിന്നീട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ എത്തി കാനമൂടി.

അതിനിടെ, എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.  ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട് നൽകാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമ‍ർശിച്ചു. എറണാകുളം കങ്ങരപ്പടിയിൽ വാട്ടർ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ  വിമർശനം. പത്തുദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടർ തക്ക സമയത്ത് നടപടിയെടുക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ഇത്ര അനാസ്ഥ. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്.

ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്. എംജി റോഡിൽ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ജില്ലാ കലക്ടർ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാൻ പറ്റുമോയെന്നും കോടതി ചോദിച്ചു. മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നെങ്കിൽ നഷ്ടപരിഹാരം നൽകി മുടിഞ്ഞേനെയെന്നും കോടതി ഓർമ്മിപ്പിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്തൊരു അഹങ്കാരവും ധാർഷ്യവുമാണ്. റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട്ട് ആവശ്യപ്പെട്ടിട്ട് അത് നൽകാൻ പോലും എറണാകുളം ജില്ലാ കലക്ടർ തയാറായിട്ടില്ല. ജനങ്ങളുടെ പണം വാങ്ങിയിട്ട് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥ‍ർ എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. 

 

 

 

Follow Us:
Download App:
  • android
  • ios