പുലക്കാട്ടുകരയിലെ മണലിപ്പുഴയോരത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ബിനു വെന്ന ചെറുപ്പക്കാരനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്നാം പക്കമാണ് പുതുക്കാട് പൊലീസ് ഒരാളെ  പിടികൂടിയത്. 

തൃശൂർ: ക്രിസ്തുമസ് ദിനത്തിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പുലക്കാട്ടുകരയിൽ വീട് കയറിത്തല്ലിച്ചതച്ച കേസില്‍ ഒരാള്‍ പിടിയിൽ. പുലക്കാട്ടുകര സ്വദേശി ബിനുവിനെ മർദ്ദിച്ച സംഘത്തിലെ 8 പേരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ എരവിമംഗലത്ത് വീട് കയറി ആക്രമിച്ച പ്രതിയെ ഇതുവരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല.

പുലക്കാട്ടുകരയിലെ മണലിപ്പുഴയോരത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ബിനു വെന്ന ചെറുപ്പക്കാരനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്നാം പക്കമാണ് പുതുക്കാട് പൊലീസ് ഒരാളെ പിടികൂടിയത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മറ്റു നാലു പേർ കൂടി വൈകാതെ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്തുമസ് ദിനത്തിൽ വൈകുന്നേരം പെൺമക്കളുമൊന്നിച്ച് ബിനു പുഴയിൽ കുളിക്കാൻ പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

എട്ടു യുവാക്കൾ പുഴക്കരയിലിരുന്ന് ലഹരി ഉപയോഗിച്ചത് ബിനു തടഞ്ഞതോടെ തർക്കമായി. ബിനു വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കുട്ടികളുടെ മാലപൊട്ടിക്കുകയും അയൽവാസി രമേശിനെ ബിയർ കുപ്പി കൊണ്ട് അടിയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ബിനുവിനെ അക്രമികൾ പൊതുനിരത്തിലിട്ട് അതിക്രൂരമായി മർദ്ദിച്ചു.

എരവിമംലം ചിറയത്ത് ഷാജുവിന്‍റെ വീട് ആക്രമിച്ച കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. പതിനഞ്ച് കാരന്‍ വിദ്യാര്‍ഥിയാണെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടും ആളെ കണ്ടെത്താന്‍ ഒല്ലൂര്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രിസ്തുമസ് ദിനത്തില്‍ ഉച്ചതിരിഞ്ഞ് ഭാര്യവീട്ടിലേക്ക് പോയ ഷാജുവും കുടുംബവും 26 ന് തിരിച്ചെത്തിയപ്പോഴാണ് അക്രമം കണ്ടത്. വളര്‍ത്തു കോഴിയുടെ കണ്ണു കുത്തിപ്പൊട്ടിക്കുകയും പുൽക്കൂട്ടിൽ കുരിശു നാട്ടുകയും സോളാര്‍ പാനല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്