Asianet News MalayalamAsianet News Malayalam

5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികൾക്കെല്ലാം ആധാർ, വലിയ നേട്ടവുമായി വയനാട്, കേരളത്തിൽ ആദ്യം

രണ്ട് ഘട്ടങ്ങളിലായി അക്ഷയ കേന്ദ്രങ്ങൾ, ഇന്ത്യൻ പോസ്റ്റൽ ബാങ്കിംഗ് സർവ്വീസ്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിലായി ക്യാമ്പുകൾ നടത്തിയാണ് ആധാർ എൻറോൾമെന്റ് പൂർത്തീകരിച്ചത്

Aadhaar card for kids under the age of 5 wayanad become the first district in kerala to achieve aim etj
Author
First Published Nov 15, 2023, 12:28 PM IST

കല്‍പ്പറ്റ: 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. ജില്ലയിൽ ആധാർ എടുത്തത് 44487 കുട്ടികളാണ്. മെഗാ ക്യാമ്പുകൾ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ചേർന്നും അഞ്ച് വയസിനു താഴെ പ്രായമുള്ള 44487 കുട്ടികളാണ് ജില്ലയിൽ ആധാർ എൻറോൾമെന്റ് ചെയ്തത്.

സുൽത്താൻ ബത്തേരി നഗരസഭയിൽ 2221, മാനന്തവാടി നഗരസഭ 2352, കൽപ്പറ്റ നഗരസഭ 1629, അമ്പലവയൽ 1771, മൂപ്പൈനാട് 1776, മേപ്പാടി 1969, തിരുനെല്ലി 1304, മുട്ടിൽ 1857, കണിയാമ്പറ്റ 2210, നൂൽപ്പുഴ 1572, പൂതാടി 1852, തരിയോട് 571, വൈത്തിരി 993, മുളളങ്കൊല്ലി 1154, തവിഞ്ഞാൽ 2107, വെങ്ങപ്പള്ളി 609, നെന്മേനി 2660, വെള്ളമുണ്ട 2688, പൊഴുതന 732, പനമരം 2991, തൊണ്ടർനാട് 1712, എടവക 2086, കോട്ടത്തറ 968, മീനങ്ങാടി 1734, പടിഞ്ഞാറത്തറ 1599, പുൽപ്പള്ളി 1380 എന്നിങ്ങനെയാണ് കുട്ടികളുടെ ആധാർ എൻ റോൾമെന്റ് നടന്നിട്ടുള്ളത്.

ജില്ലയിലെ 5 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കിയ പദ്ധതിയാണ് എ ഫോർ ആധാർ. രണ്ട് ഘട്ടങ്ങളിലായി അക്ഷയ കേന്ദ്രങ്ങൾ, ഇന്ത്യൻ പോസ്റ്റൽ ബാങ്കിംഗ് സർവ്വീസ്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിലായി ക്യാമ്പുകൾ നടത്തിയാണ് ആധാർ എൻറോൾമെന്റ് പൂർത്തീകരിച്ചത്. ആധാർ എൻറോൾമെന്റിന് ആവശ്യമായ രേഖയായ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും, ജനന സർട്ടിഫിക്കറ്റിൽ പേരു ചേർക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ വിവിധ ദിവസങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

അക്ഷയ, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് എന്നിവ വകുപ്പുകൾ, ഇന്ത്യൻ പോസ്റ്റൽ ബാങ്കിംഗ് സർവീസ്, ധനലക്ഷ്മി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൽ നടപ്പിലാക്കിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വകുപ്പുതല ഉദ്യോഗസ്ഥരുടെ 20ലധികം വിശകലനയോഗങ്ങളും ഓരോഘട്ടത്തിലും ജില്ലയിലെ മുഴുവൻ ഐ സി ഡി എസ് സൂപ്പർവൈസർമാരുടെ വിശകലന യോഗങ്ങളും, എസ് ടി പ്രമോട്ടർമാരുടെ യോഗവും ചേർന്നാണ് എ ഫോർ ആധാർ ക്യാമ്പയിൻ പൂർത്തിയാക്കിയത് .

പൂതാടി അങ്കണവാടിയില്‍ നടന്ന ചടങ്ങിൽ എ ഫോർ ആധാർ പൂർത്തീകരണ പ്രഖ്യാപന പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. എ ഫോർ ആധാർ പൂർത്തികരണ പ്രഖ്യാപന വീഡിയോ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

എ.ഡി.എം എൻ.ഐ ഷാജു, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി, ചെയർപേഴ്സൺമാരായ ഐ ബി മൃണാളിനി, കെ.ജെ സണ്ണി, വാർഡ് മെമ്പർമാരായ ലൗലി സാജു, ഇമ്മാനുവൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെ മോഹനദാസ്, വനിതാ ശിശു വികസന വകുപ്പ് സീനിയർ സൂപ്രണ്ട് വി.സി സത്യൻ, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എസ്. നിവേദ്, ഐ.സി.ഡി എസ് സൂപ്പർവൈസർ ശരണ്യ എ രാജ്, ആശാ വർക്കർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശിശുദിന റാലിയും അംഗനവാടിയിൽ നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios