ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുഞ്ഞിന് ഇന്ന് പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
കൊല്ലം: കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുഞ്ഞിന് ഇന്ന് പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണമടഞ്ഞു.
കഴിഞ്ഞ ജൂൺ 24 നാണ് ചോരക്കുഞ്ഞിനെ തറയിൽമുക്കിലെ ഒരു വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചിൽ കേട്ട് പ്രദേശവാസിയായ രാജി നടത്തിയ തെരച്ചിലാണ് വീടിന്‍റെ പിന്നിലെ കുറ്റിക്കാട്ടിൽ മുണ്ടിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലേക്കും മാറ്റി. ഉപേക്ഷിച്ചവരെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം.
നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി.
ഹൈദരാബാദ് : നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവർ മരുമകളെ പെട്രോളൊഴിച്ചാണ് തീക്കൊളുത്തിയത്. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലിൽ ജൂലൈ 17നാണ് ക്രൂരമായ സംഭവം നടന്നത്.
ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണ്.
