ഇടുക്കി:സൈമൺ ബ്രിട്ടോ അഭിമന്യുവിന് എത്രത്തോളം  പ്രിയപ്പെട്ടവനായിരുന്നോ അതുപോലെ തന്നെയായിരുന്നു തങ്ങൾക്കുമെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ മനോഹരൻ. അഭിമന്യു അവധിക്കാലത്ത് വീട്ടിലെത്തുമ്പോള്‍ എപ്പോഴും അദ്ദേഹത്തെ  കുറിച്ച് പറയുമായിരുന്നു. പലവട്ടം സൈമൺ ബ്രിട്ടോയെ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അഭിമന്യുവിന്‍റെ മരണം സംഭവിച്ചതിനുശേഷമാണ് അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞതെന്നും അഭിമന്യുവിന്‍റെ അച്ഛന്‍ പറഞ്ഞു. 

അഭിമന്യുവിന് ഉറ്റ സുഹൃത്തും സഹോദരനുമായിരുന്നു സൈമൺ. അവന്‍റെ മരണത്തിനുശേഷം നിരന്തരം ഫോണിലും നേരിട്ടും വിവരങ്ങൾ തിരക്കാനെത്തി. മകൾ കൗസല്യയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് അദ്ദേഹം വീട്ടിലെത്തി വസ്ത്രവും പണവും നൽകിയാണ് മടങ്ങിയത്. അദ്ദേഹത്തിന്റെ മരണം തങ്ങൾക്ക് തീരാ നഷ്ടം തന്നെയാണ്. തങ്ങളുടെ വീട്ടിലെ ഒരംഗത്തെയാണ് വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നതെന്നും മനോഹരന്‍ പറഞ്ഞു