ഇടത്-വലത് രാഷ്ട്രീയ പ്രതിനിധികള്‍ എക്കാലവും മലകയറി ഇവിടേക്ക് എത്തുന്നത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമാണ്. അതും ഒരേയൊരു തവണ മാത്രം

ഇടുക്കി: കത്തിനില്‍ക്കുന്ന വേനല്‍ ചൂടിനൊപ്പം മലയോരവും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. നാടും നഗരവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുബോള്‍ ഇതൊന്നും അറിയാത്ത പ്രചാരണം ആരംഭിക്കാത്ത ഒരു പക്ഷേ സ്ഥാനാര്‍ത്ഥികള്‍ ആരെന്നുപോലും അറിയാത്ത ഒരു നാടുണ്ട് കേരളത്തില്‍. അത് മറ്റൊങ്ങുമല്ല മൂന്നാറിന് അടുത്തുള്ള സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയാണ്.

ഇടത്-വലത് രാഷ്ട്രീയ പ്രതിനിധികള്‍ എക്കാലവും മലകയറി ഇവിടേക്ക് എത്തുന്നത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമാണ്. അതും ഒരേയൊരു തവണ മാത്രം. 28 കുടികളുള്ള ഇടമലക്കുടിയില്‍ വാഹനങ്ങള്‍ കടന്നു ചെല്ലുന്ന സൊസൈറ്റിക്കുടിയിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തിയും വോട്ട് അഭ്യര്‍ത്ഥിച്ചും വാഗ്ദാനങ്ങളുടെ പെരുമഴക്കാലം തീര്‍ത്തും മലയിറങ്ങും.

ഇത്തവണയും നാളിതുവരെ ആരുംതന്നെ എത്തിയിട്ടില്ല. ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് കുടിയിലെ ആദിവാസികളോട് ചോദിച്ചാല്‍ അവരുടെ മറുപടി ഇങ്ങനെ: ''ഏങ്കിളിക്ക് ഒന്നും അറിയില്ല''. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചെറിയൊരു സൂചന പോലും അവരില്‍ പ്രതിഫലിക്കുന്നില്ല. ''സാറുമാര്‍ വരും ചില പടങ്ങള്‍ കാട്ടും അതിന് വോട്ടു ചോദിക്കും അത് ഞങ്ങള്‍ക്കറിയാമെന്നും ചിലര്‍ പറയുന്നു.

ജനാധിപത്യ വ്യവസ്ഥകള്‍ മനസിലാകാതെ അവസാനം ഇവര്‍ വോട്ടുകള്‍ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയതോടെ ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു. ഇവര്‍ വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മലയിറങ്ങിയതോടെ മറ്റാരും ആദിവാസികളെ തിരിഞ്ഞ് നോക്കിയിട്ടില്ല.