ആലപ്പുഴ: നാലുമാസം മുമ്പ് തുറന്നു കൊടുത്ത ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടം നിത്യസംഭവമായിരിക്കുകയാണ്. ഇന്ന്ബൈപ്പാസില്‍ ടാങ്കര്‍ലോറി കാറിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് പറ്റി. ഹരിപ്പാട് കാട്ടുപറമ്പില്‍ പടീറ്റതില്‍ രാജശേഖരന്‍പിള്ള (66) മകള്‍ രേവതി(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഓടിച്ചിരുന്നത് രേവതിയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 

കാറിനുള്ളില്‍ കുടങ്ങിക്കിടന്ന ഇരുവരേയും മറ്റ് വാഹനങ്ങളിലെത്തിയവരും ഫയര്‍ഫോഴ്‌സും ആലപ്പുഴ സൗത്ത് പോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് എറുണാകുളത്തെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദേശത്തേയ്ക്ക് പോകുന്ന രേവതിയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിട്ട ശേഷം തിരികെ വരുമ്പോള്‍ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. അപകട വിവരമറിഞ്ഞ് അനില്‍കുമാര്‍ വിദേശത്തേയ്ക്കുള്ള യാത്ര റദ്ദാക്കി എറണാകുളത്തെ ആശുപത്രിയിലെത്തി. 

രേവതിയുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നത്.  ബൈപ്പാസ് ഉദ്ഘാടന ദിനത്തില്‍ തന്നെ ഒരു ലോറി ടോള്‍ പ്ലാസ ഇടിച്ചു തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ബൈക്കുകള്‍ കൂട്ടിയിടിച്ചും മറ്റും അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഓടിക്കൊണ്ടിരിക്കെ ബൈപ്പാസില്‍ കാര്‍ കത്തിയ സംഭവം ആഴ്ചകള്‍ക്ക് മുമ്പാണ്. എലിവേറ്റഡ് ഹൈവേയിലൂടെ പോകുമ്പോള്‍ കടലിന്റെ മനോഹാരിത ആസ്വാദിക്കാമെന്നതിനാല്‍ ഡ്രൈവിംഗിലെ അശ്രദ്ധ കൊണ്ടും അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് പോലീസ് പറയുന്നു.