കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസുകാരനേയും ബന്ധുവിനെയും ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം കസ്റ്റഡിയിലെടുത്തു.  കുമളി സ്വദേശിയും വാഹനത്തിന്‍റെ ഡ്രൈവറുമായ ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 29നാണ് കാഞ്ഞിരപ്പള്ളി വെളിച്ചിയാനിയിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസുകാര നേയും ബന്ധുവിനെയും ഹക്കിം ഓടിച്ചിരുന്ന വാഹനം ഇടിച്ച് വീഴ്ത്തിയത്. മുണ്ടക്കയം വേലനിലം സ്വദേശികളായ ഉറുമ്പിൽ ജോസഫ് തോമസ്, സഹോദര പുത്രൻ അലൻ സന്തോഷ് എന്നിവർക്ക് പരിക്കേറ്റിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു. വഴിയാത്രക്കാരാണ് ഇവരെ പിന്നീട്  ആശുപത്രിയില്‍ എത്തിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇടിച്ച വാഹനത്തിന്റെ നമ്പർ കണ്ടെത്തി. വാഹന ഉടമയോട് വാഹനവുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുമളിയിലെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.. വാഹനമോടിച്ചിരുന്ന ഹക്കിമിനെ അറസ്റ്റ് ചെയ്തു. ഹക്കിമിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടിച്ച വാഹനം. പൊലിസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതാണന്ന് കണ്ടെത്തി. കൂടാതെ വാഹനമോടിച്ച ഹക്കിമിന് ലൈസൻസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ മോട്ടോവാഹന നിയമം 134, , എ, ബി വകുപ്പുകൾ പ്രകാരം അപകടമുണ്ടാക്കിയ ശേഷം പ്രഥമ ശുശ്രൂഷ നൽകിയില്ല എന്ന ഗുരുതര കുറ്റമാണ് ചുമത്തിയിരിക്കുന്നത്.