Asianet News MalayalamAsianet News Malayalam

കുഴികള്‍ നിറഞ്ഞ് ഏറെ തിരക്കുള്ള വഴി, അപകടങ്ങളും പതിവ്; പരാതി പറഞ്ഞ് മടുത്ത് നാട്ടുകാര്‍

പ്രത്യേകിച്ചും രാത്രികാലങ്ങളിലാണ്  കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ നിരണത്തുള്ള മകളുടെ വീട്ടിൽ പോയി വന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു.

Accidents are common on Parumala bridge
Author
First Published Sep 17, 2022, 2:50 PM IST

മാന്നാർ: പമ്പാ നദിക്ക് കുറുകെ ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന പരുമല പാലത്തിൽ അപകടം പതിവാകുന്നു.  പരുമല പള്ളി അടക്കമുള്ള നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകാനുള്ള പ്രധാനപാതയിലെ പാലമായ പരുമല പാലം എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യം ആക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ സ്ഥിരമായി അപകടത്തിൽ പെടുന്നത്. പാലത്തിന്‍റെ കിഴക്കേകരയിൽ വടക്ക് ഭാഗത്ത് പാലത്തിനോട് ചേർന്നുള്ള അപ്രോച്ച് റോഡിലാണ് അപകടം സ്ഥിരമായത്. ഒരു മാസം മുമ്പ് ഈ ഭാഗം ഇടിഞ്ഞ് താണതിനെ തുടർന്ന് റോഡില്‍ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചു.

ഇതിനെ തുടര്‍ന്ന് മെറ്റിലും മണലും ഉപയോഗിച്ച് താൽക്കാലികമായി കുഴി അടച്ച്, തൊട്ടടുത്ത ദിവസം തന്നെ പണി പൂർത്തീകരിച്ച് റോഡ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാല്‍ ഇതുവരെയായും റോഡിന്‍റെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും കൈക്കൊണ്ടില്ല. ഇതിനിടെ താൽക്കാലികമായി കുഴി മൂടിയ ഭാഗം, തുടർച്ചയായ മഴയിൽ വീണ്ടും ഇടിയുകയും റോഡില്‍ ബാക്കിയുണ്ടായിരുന്ന മെറ്റിലുകൾ കൂടി ഇളകി റോഡില്‍ തന്നെ അപകടകരമായ രീതിയിൽ ചിതറി കിടക്കുകയാണ്. 

മാന്നാറിൽ നിന്നും പരുമലയിലേക്ക് എത്തുന്ന ഇരുചക്ര വാഹനങ്ങൾ പാലവും അപ്രോച്ച് റോഡും തമ്മിലുള്ള ഉയര വത്യാസം അറിയാതെ ഇവിടെയെത്തുമ്പോള്‍ നിലതെറ്റി താഴേയ്ക്ക് വീഴുന്നു. ഇങ്ങനെ ഇവിടെ അപകടങ്ങള്‍ പതിവാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളിലാണ്  കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ നിരണത്തുള്ള മകളുടെ വീട്ടിൽ പോയി വന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂർ ആറാട്ടുപുഴ കുറ്റിക്കാട്ട് കിഴക്കേതിൽ വർഗ്ഗീസും ഭാര്യ റെയ്ച്ചലുമാണ് അപകടത്തിൽപ്പെട്ടത്.  വാഹനത്തില്‍ നിന്നും വീണ് ഇരുകാൽമുട്ടുകൾക്കും പരിക്കേറ്റ വർഗീസിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. 

നിരവധി തീർത്ഥാടകരെത്തുന്ന പരുമല പള്ളി, പനയന്നാർകാവ് ദേവിക്ഷേത്രം, നൂറുകണക്കിന് രോഗികളെത്തുന്ന സെന്‍റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രി, ദേവസ്വം ബോർഡ് പമ്പാ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയായ പരുമല പാലത്തിലെ അപകടങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Follow Us:
Download App:
  • android
  • ios