കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് സ്വർണം കവർന്ന കേസിലെ ഒരാൾ കൂടി അറസ്റ്റിലായി. വയനാട് കമ്പളക്കാട് ഉളിയിൽ കുന്നൻ മിഥിലാജാ(24) ണ് പിടിയിലായത്. വയനാട് പടിഞ്ഞാറെത്തിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ഇയാൾപിടിയിലാകുന്നത്. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. മൊത്തം 10പേരാണ് ഈ കേസിൽ ഉൾപ്പെട്ടിരുന്നത്.

2019 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ഷാർജയിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത് രാമനാട്ടുകര അറപ്പുഴ പാലത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘമായിരുന്നു ഇതിന് പിന്നിൽ. സംഘത്തിലെ വയനാട് കരണി സ്വദേശികളായ പ്രവീൺ, അർഷാദ്,ഹർശദ്, കമ്പളക്കാട് സ്വദേശികളായ മുഹ്‌സിൻ, ഫഹദ്, സബിൻ റാശിദ്, സുൽത്താൻ ബത്തേരി സ്വദേശി വിഗ്‌നേഷ് കോഴിക്കോട് സ്വദേശി ശൗക്കത്ത് സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി അശോക് സേട്ട് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെല്ലാം നേരത്തെ ജാമ്യം ലഭിച്ചു പുറത്തിങ്ങിയിട്ടുണ്ട്.