കൊല്ലം പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് ഷട്ടർ പൊളിച്ച് 23 ലക്ഷം രൂപ കവർന്ന രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.  

കൊല്ലം: പട്ടത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സജിൽ എസ് (30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ തെക്കതിൽ അനന്തുരവി (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഏപ്രിൽ 26 ന് രാത്രി 12.45ഓടെയാണ് കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്ത് കയറി ലോക്കർ കുത്തി തുറന്ന് ഇരുവരും മോഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ഉൾപ്പടെ 23 ലക്ഷം രൂപയാണ് കവർന്നത്. ഷട്ടറും ബില്ലിംഗ് ട്രേയും സി.സി ടി വി യും നശിപിക്കുകയും ചെയ്തു. 25000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രതികളെ പിടികൂടാൻ ആയി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത് . പ്രതികളെ തിരിച്ചറിഞ്ഞപ്പോഴക്കും സംസ്ഥാനം വിട്ടിരുന്നു. തമിഴ്‌നാട്ടിൽ എത്തിയതായ് മനസ്സിലാക്കിയതിനെ തുടർന്ന് നാല് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഉള്ളതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം കൂടംകുളത്ത് എത്തി.

എന്നാലിവർ അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു. നേരെ കൊല്ലത്തേക്ക് എത്തിയതോടെ 13 ന് കളക്‌ട്രേറ്റ് ഭാഗത്ത് നിന്നും കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന ഒന്നാം പ്രതിയായ സജിൽ സ്ഥിരമായി കച്ചവട ആവശ്യത്തിനായി ഈ വ്യാപാര സ്ഥാപനത്തിൽ വരാറുണ്ടായിരുന്നു. സ്ഥാപനത്തിലെ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴായി നിരീക്ഷിച്ച് മനസ്സിലാക്കിയ ഇയാൾ അനന്തു രവിയെ കൂട്ടുപിടിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതൽ ഉപയോഗിച്ച് കാറ്, വിലകൂടിയ മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ചുവരികയുമായിരുന്നു പ്രതികൾ. ഇരുവർക്കും എതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ട്. പ്രതികളെ കൊല്ലം ഈസ്റ്റ് എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.