മംഗലാപുരത്ത് മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസിൽ കണ്ണൂർ സ്വദേശി ടോമി കുര്യനെ കർണാടകയിലെ മണിപ്പാലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

​തിരുവനന്തപുരം: മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. മുട്ടട സ്വദേശിയായ പരാതിക്കാരന്റെ മകന് മംഗലാപുരം കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എം.ഡി (റെസ്പിറേറ്ററി മെഡിസിൻ) പി.ജി സീറ്റ് വാഗ്ദാനം ചെയ്താണ് കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) തട്ടിപ്പ് നടത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് 95,00,000 രൂപ കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത അഡ്മിഷനോ വാങ്ങിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

​സമാനമായ രീതിയിൽ പാലാരിവട്ടം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലും പ്രതിയായ ടോമി കുര്യനെതിരെ അഡ്മിഷൻ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

​പേരൂർക്കട എസ്.എച്ച്.ഒ പ്രദീപ് പി.യുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിഷ്ണു കെ.ജി, ഗ്രേഡ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എസ്, സി.പി.ഒ അനീഷ് കുമാർ, ഡബ്ല്യു.സി.പി.ഒ ശ്രുതി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കർണാടകയിലെ മണിപ്പാലിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതിയുടെ ഉടമസ്ഥതയിലുള്ള 'ജെനിമിൻഡ്‌സ്' (Geneminds Study Solutions എന്ന സ്ഥാപനത്തിനെതിരെ വിദേശപഠനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് നിരവധി പേരാണ് ഇതിനകം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്.

പോർച്ചുഗലിൽ പഠനത്തിന് അവസരം വാഗ്ദാനം ചെയ്ത് വർഷങ്ങളായി പണം മടക്കിനൽകിയില്ലെന്നും, കൊച്ചിയിലെ ബ്രാഞ്ച് വഴി ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്നും കാണിച്ച് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഗൂഗിൾ റിവ്യൂകളിലൂടെയും മറ്റും തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സമാനമായ വ്യാജ വാഗ്ദാനങ്ങൾ നൽകി ഈ സ്ഥാപനം കൂടുതൽപേരെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് ഇതുവഴി വ്യക്തമാകുന്നത്.