അഞ്ചൽ ചന്തമുക്കിലെ കല്യാണി സ്റ്റോഴ്സിൽ പേന വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ 30,000 രൂപ കവർന്നു. കടയുടമ പേപ്പറെടുക്കാൻ തിരിഞ്ഞ സമയത്താണ് പണം മോഷ്ടിച്ച് സംഘം കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം: പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് ഉടമയുടെ കണ്ണ് വെട്ടിച്ച് 30,000 രൂപ കവർന്നു. അഞ്ചൽ ചന്തമുക്കിലുള്ള കല്യാണി സ്റ്റോഴ്സിലായിരുന്നു മോഷണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടയിലെത്തിയ പ്രതി പേന വാങ്ങിയ ശേഷം തെളിയുന്നുണ്ടോ എന്നെഴുതി നോക്കണമെന്ന് പറഞ്ഞു. ഇതിനായി ഉടമ പേപ്പറെടുക്കാൻ തിരിഞ്ഞ സമയത്ത് മേശയിലിരുന്ന പണമെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

അഞ്ഞൂറിന്‍റെ കെട്ടുകളായാണ് മേശയിൽ പണം സൂക്ഷിച്ചിരുന്നത്. രണ്ട് പേർക്ക് ഒപ്പമാണ് ഇയാൾ എത്തിയതെന്നും ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു. അതിഥി തൊഴിലാളികളാണെന്നാണ് പ്രാഥമിക നിഗമനം. കടയുടമയുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.