മൂത്രമൊഴിക്കാന്‍ പോകാനായി പ്രതിയുടെ വിലങ്ങഴിച്ചു, പിന്നെ നിലംതൊടാതെ ഓട്ടം, പിന്നാലെ പൊലീസും
തൃശൂര്‍: കാപ്പകേസിൽ നാടുകടത്തിയതിന് പിന്നാലെ വീണ്ടും നാട്ടിലെത്തിയെ പ്രതിയെ പൊലീസ് പിടികൂടി. സ്റ്റേഷനിലെത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്ത ചാവക്കാട് വഞ്ചിക്കടവ് മേത്തി വീട്ടില്‍ ഷെജീറാണ് രക്ഷപ്പെട്ടത്. 300 മീറ്ററോളം ഓടിയ പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
കാപ്പ പ്രകാരം പൊലീസ് നാട് കടത്തിയതായിരുന്നു ഇയാളെ. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രതി ഗുരുവായൂരില്‍ ഒളിവില്‍ താമസിക്കുന്നതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. മയക്ക് മരുന്നുകള്‍ കൈവശം വച്ചതിന് അറസ്റ്റിലായ കൂട്ടുപ്രതിക്കൊപ്പം വിലങ്ങിട്ട് സ്റ്റേഷനില്‍ ഇരുത്തിയതായിരുന്നു.
മൂത്രം ഒഴിക്കാന്‍ പോകണമെന്നറിയിച്ചതനുസരിച്ച് പൊലീസ് വിലങ്ങ് അഴിച്ചു. തുടർന്ന് മൂത്രപ്പുരയിലേക്ക് പോകുന്നതായി നടിച്ച് പ്രതി തിരിച്ചിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രനടയിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറാനായിരുന്നു ശ്രമം. എന്നാൽ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍വച്ച് പൊലീസ് ഇയാളെ പിടികൂടി. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
അതേസമയം, കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണിലും, മുക്കം, ബാലുശ്ശേരി, വയനാട് എന്നീ സ്ഥലങ്ങളിലും കാറിലും ബൈക്കിലും രാത്രികാലങ്ങളിൽ സഞ്ചാരിച്ചാണ് വില്പന. ബാംഗ്ലൂർ നിന്നും ഗ്രാമിന് 1000രൂപക്ക് എത്തിക്കുന്ന എം.ഡി.എം.എ. 3000 രൂപ വെച്ചാണ് ഇയാൾ വിൽക്കുന്നത്.
പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വരുമെന്ന് പൊലീസ് പറയുന്നു. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.
