നല്ലനടപ്പിന് ജാമ്യത്തിലിറങ്ങി;പിന്നെ നടപ്പിത്തിരി മോശമായി, മാനന്തവാടിയിൽ പ്രതിയെ പൊക്കി പൊലീസ്
മാനന്തവാടി: നല്ലനടപ്പിന് ജാമ്യത്തിലിറങ്ങിയതിന് ശേഷവും കുറ്റകൃത്യത്തിലേര്‍പ്പെട്ടയാളെ കൈയ്യോടെ പൊക്കി പൊലീസ്. മാനന്തവാടി ചെന്നലായി നിരപ്പുകണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസാണ് ജാമ്യ വ്യവസ്ഥ ലംഘിക്കുകയും കുറ്റകൃത്യത്തിലേര്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പിടിയിലായത്. മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 250 ഗ്രാം കഞ്ചാവുമായി വര്‍ഗീസിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിവിധ കേസുകളില്‍ പെട്ട് ജാമ്യത്തിലായിരിക്കെയാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലാകുന്നത്. തുടര്‍ന്ന് ജാമ്യത്തിലെ നല്ലനടപ്പ് വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കുന്നതിന് ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടയില്‍ ഹാജരാക്കുകയും ചെയ്തു. 2020 ജൂണില്‍ പീച്ചംകോടുള്ള വീട്ടില്‍നിന്നും പത്ത് പവന്റെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളുമടക്കം നാലു ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം നടത്തിയിരുന്നു. ഇതിന് വെള്ളമുണ്ട പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതിനൊക്കെ പുറമേ നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണ്. 2022 ജൂലൈയിലാണ് ഇയാള്‍ക്ക് കോടതിയില്‍നിന്നും നല്ലനടപ്പിന് ജാമ്യം അനുവദിച്ചിരുന്നത്.
അതേസമയം, സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നടുവട്ടം മാഹി സ്വദേശി കളനിയില്‍നിലം രാജേഷ് (ബാവൂട്ട 50) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറുമായി സംശയാസ്പദമായനിലയില്‍ കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 12 കുപ്പി അനധികൃത മദ്യമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. അഞ്ചര ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ബിശ്വാസ്, എസ്.ഐ. ഷുഹൈബ്, സി.പി.ഒ. രഞ്ജിത്, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തി രാജേഷിനെ പിടികൂടിയത്.
